00:00 | 00:00
പൗലിഞ്ഞോ-ഇല്ലാതാവുന്നത് ഒരു ജനതയുടെ ശബ്ദവും അവരൊരുക്കിയ പ്രകൃതി കവചവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 03, 09:35 am
2019 Nov 03, 09:35 am

ബ്രസീലിലെ ആമസോണ്‍ വനങ്ങളുടെ സംരക്ഷകനായ പൗലോ പൗലിനോ വനത്തിനുള്ളില്‍ അതിക്രമിച്ചു കടന്നവരുടെ വെടിയേറ്റു മരണപ്പെട്ടിരിക്കുന്നു. പ്രകൃതി ചൂഷണത്തിനെതിരെ പ്രവര്‍ത്തിച്ചു വന്ന ഈ ചെറുപ്പക്കാരന്റെ മരണം വലിയ വിവാദമാണ് ബ്രസീലില്‍ ഉണ്ടാക്കിയിരിക്കുന്നത്. ആമസോണ്‍ മഴക്കാടുകളുടെ കാവലാളായ പൗലിഞ്ഞോയുടെ മരണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത് ഒരു ജനതയുടെ ശബ്്ദവും ആ ജനത പ്രകൃതിക്കൊരുക്കിയ കവചവുമാണ്.

ബ്രസീലിലെ ഗോത്രവിഭാഗമായ ഇരുപതിനായിരത്തോളം ജനസംഖ്യയുള്ള ഗ്വാജ്ജരാസ് എന്ന ഗോത്രത്തിന്റെ നേതാവായിരുന്നു പൗലിനോ. ഇവര്‍ 2012 ല്‍ പ്രകൃതി നശീകരണം ചെറുക്കാനായി രൂപീകരിച്ച കൂട്ടായ്മ ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് ആയിരുന്നു ആമസോണിന്റെ കാവല്‍ക്കാരായി നിലനിന്നത്.

‘പലപ്പോഴും ഞാന്‍ ഭയപ്പെട്ടിട്ടുണ്ട് എന്നാലും തലയുയര്‍ത്തി പ്രവര്‍ത്തിച്ചേ പറ്റൂ.’കൊല്ലപ്പെട്ട പൗലിനോ കഴിഞ്ഞ വര്‍ഷം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സിനോട് പറഞ്ഞ വാക്കുകളാണിത്. കാടിനുള്ളിലേക്ക് മരംമുറിക്കാന്‍ വരുന്നവരെ തടയുന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ പ്രവര്‍ത്തിയാണെങ്കിലും തന്റെ ഗോത്രവിഭാഗം ഒരിക്കലും പിന്നോട്ട് പോകില്ലെന്നും പൊരുതുമെന്നും അന്നദ്ദേഹം റോയിട്ടേര്‍സിനോട് പറഞ്ഞിരുന്നു.

ലോബൊ എന്നു വിളിക്കുന്ന പൗലിഞ്ഞോയുടെ കൊലപാതകം വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ബ്രസീലില്‍ ഉണ്ടാക്കുന്നത്.

ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സുനാരോ നടത്തി വരുന്ന ഗോത്ര വിരുദ്ധ പരാമര്‍ശങ്ങളാണ് പൗലിഞ്ഞോയുടെ മരണത്തിന് കാരണമെന്നാണ് ഗോത്ര വിഭാഗങ്ങളുടെ സംഘടനയായ എ.ഐ.പി.ബി പറയുന്നത്.

ബൊല്‍സൊനാരോയുടെ കൈകളില്‍ ഗോത്രവിഭാഗത്തിന്റെ രക്തം പുരണ്ടു എന്നാണ് ഇവര്‍ ഇതിനോട് പ്രതികരിച്ചത്. ഈയടുത്ത് ആമസോണ്‍ വനത്തിലുണ്ടായ വനനശീകരണത്തിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പൗലിനോയുടെ ഗോത്രവിഭാഗം നടത്തിയത്.

അഭ്യസ്തവിദ്യനായ രാജ്യത്തെ പ്രധാനമന്ത്രി തന്നെ മരംവെട്ടുകാര്‍ക്കും ഖനന മാഫിയയ്ക്കും അനുകൂലമായി നിലപാടെടുക്കുമ്പോഴാണ് സ്വന്തം മണ്ണ് കാക്കാന്‍ പൗലീനോയെ പോലെയുള്ളവര്‍ ആയുധമെടുത്തത്.

പൗലീഞ്ഞോ ഇല്ലാതായെങ്കിലും അയാള്‍ തുടങ്ങിവച്ച പോരാട്ടം തുടരുക തന്നെ ചെയ്യും