| Saturday, 20th July 2024, 9:11 pm

റൊണാൾഡോയെക്കാൾ മികച്ച താരം അവനാണ്: വമ്പൻ പ്രസ്താവനയുമായി മാൽഡീനി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ്ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇവരില്‍ ആരാണ് മികച്ചത് എന്ന സംവാദം എല്ലാകാലത്തും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്. ഇപ്പോഴിതാ റൊണാള്‍ഡോ, മെസി എന്നിവരില്‍ ഏറ്റവും മികച്ച താരമാരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇറ്റാലിയന്‍ ഇതിഹാസതാരം പൗലോ മാള്‍ഡീനി.

തനിക്ക് റൊണാള്‍ഡോയെക്കാള്‍ കൂടുതല്‍ ഇഷ്ടം മെസിയെ ആണെന്നാണ് മാല്‍ഡീനി പറഞ്ഞത്. ടോക്ക് സ്‌പോട്ടിലൂടെ പ്രതികരിക്കുകയായിരുന്നു മാല്‍ഡീനി.

‘എനിക്ക് മെസിയെ നന്നായി അറിയാം, കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ബാലണ്‍ ഡി ഓര്‍ നേടിക്കൊണ്ടിരിക്കുന്ന റൊണാള്‍ഡോയെയും എനിക്ക് നന്നായി അറിയാം. ഇതില്‍ റൊണാള്‍ഡോയാണോ മെസിയാണോ ഏറ്റവും മികച്ച എന്ന് ചോദിച്ചാല്‍ എന്റെ അഭിപ്രായത്തില്‍ അത് മെസിയാണ്. എന്നാല്‍ റൊണാള്‍ഡോ ഒരു മികച്ച കളിക്കാനും ശക്തനായ ഒരു വ്യക്തിയുമാണ് പക്ഷെ എനിക്ക് ഇഷ്ടം മെസിയെയാണ്,’ മാല്‍ഡീനി പറഞ്ഞു.

അതേസമയം ഫുട്‌ബോളില്‍ രണ്ട് ഇതിഹാസതാരങ്ങളും തങ്ങളുടേതായ ഒരു സ്ഥാനം കെട്ടിപ്പടുത്തിയവരാണ്. നിലവില്‍ മെസി അര്‍ജന്റീനക്കൊപ്പ നാലാം അന്താരാഷ്ട്ര കിരീടത്തിന്റെ തിളക്കത്തിലാണ്. ഈ കോപ്പ അമേരിക്കയുടെ ഫൈനലില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം നേടിയത്. ടൂര്‍ണമെന്റില്‍ ഒരു ഗോളും അസിസ്റ്റുമാണ് താരം നേടിയത്.

മറുഭാഗത്ത് റൊണാള്‍ഡോ 2024 യൂറോ കപ്പ് അത്ര മികച്ചതായിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പരാജയപ്പെട്ടുകൊണ്ടാണ് പോര്‍ച്ചുഗല്‍ തങ്ങളുടെ യൂറോപ്പിലെ പോരാട്ടം അവസാനിപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മേജര്‍ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഗോള്‍ അടിക്കാതെ പോവുന്നത്. യൂറോകപ്പില്‍ ഒരു അസിസ്റ്റ് മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാന്‍ സാധിച്ചത്.

Content Highlight: Paulo Maldini Talks About his Opinion on Goat Debate

We use cookies to give you the best possible experience. Learn more