മെസിയുടെ അഭാവത്തിൽ ഞാനത് ചെയ്തു: അർജന്റൈൻ സൂപ്പർതാരം
Football
മെസിയുടെ അഭാവത്തിൽ ഞാനത് ചെയ്തു: അർജന്റൈൻ സൂപ്പർതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th September 2024, 3:28 pm

2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനക്ക് ജയം. ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലയണല്‍ സ്‌കലോണിയും കൂട്ടരും പരാജയപ്പെടുത്തിയത്. ഇതിഹാസതാരങ്ങളായ ലയണല്‍ മെസിയും എയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന കളിക്കുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ടായിരുന്നു.

കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി വീണ്ടും കളിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു.

പരിക്കേറ്റ മെസിയുടെ അഭാവത്തില്‍ പത്താം നമ്പര്‍ ജേഴ്‌സി പൗലോ ഡിബാലയായിരുന്നു ധരിച്ചിരുന്നത്. ഇതിഹാസത്തിന്റെ ജേഴ്‌സി നമ്പര്‍ അണിഞ്ഞുകൊണ്ട് അര്‍ജന്റീനയെ പ്രതിനിധീകരിച്ച് കളിച്ചതിന്റെ സന്തോഷത്തെക്കുറിച്ച്  ഡിബാല സംസാരിച്ചു.

‘ഇത് എന്റെ ജേഴ്‌സി നമ്പര്‍ അല്ലെന്ന് എനിക്കറിയാം. ഇത് ലിയോയുടെതാണെന്ന് എല്ലാവര്‍ക്കും അറിയാം. എനിക്ക് ഇത് മികച്ച രീതിയില്‍ പ്രതിനിധീകരിക്കാന്‍ സാധിച്ചു. ടീമിലെ ആളുകളെല്ലാം ഈ ജേഴ്‌സി അണിയാന്‍ എന്നോട് പറഞ്ഞു. ആ സമയത്ത് ഞാന്‍ ഇത് സ്വീകരിക്കണമോയെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ ഇത് നല്ലൊരു ഉത്തരവാദിത്തം ആയിരുന്നു,’ ഡിബാല ഓള്‍ എബൗട്ട് അര്‍ജന്റീനയിലൂടെ പറഞ്ഞു.

മത്സരത്തില്‍ അര്‍ജന്റീനക്കായി ഗോള്‍ നേടാനും ഡിബാലക്ക് സാധിച്ചിരുന്നു.
ഇഞ്ചുറി ടൈമില്‍ ചിലിയുടെ പെനാല്‍ട്ടി ബോക്സിന്റെ ഇടത് വശത്ത് നിന്നും ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ ഡിബാല ഗോള്‍ നേടുകയായിരുന്നു.

അതേസമയം മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിലായിരുന്നു ലോകചാമ്പ്യന്‍മാരുടെ മൂന്ന് ഗോളുകളും പിറന്നത്. 48ാംമിനിട്ടില്‍ ലിവര്‍പൂള്‍ സൂപ്പര്‍താരം അലക്സിസ് മക്ക് അലിസ്റ്ററിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. 84ാംമിനിട്ടില്‍ ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനക്കായി രണ്ടാം ഗോളും നേടി.

നിലവില്‍ ക്വാളിഫയര്‍ മത്സരങ്ങളുടെ പട്ടികയില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും ഒരു തോല്‍വിയുമായി 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. സെപ്റ്റംബര്‍ 11ന് കൊളംബിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

 

Content Highlight: Paulo Dybala Talks About The Happiness of Wearing Lionel Messi Jersey Number 10