|

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ഡിബാല

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മെസിയുടെ സഹതാരമായ പൗലോ ഡിബാല. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസിയാണെന്നാണ് ഡിബാല പറഞ്ഞത്.

‘മെസി വ്യത്യസ്തമായ ഫുട്ബോള്‍ കളിക്കുന്നു. മെസി ബാലണ്‍ ഡി ഓര്‍ നേടാത്ത വര്‍ഷങ്ങളില്‍ പോലും അദ്ദേഹത്തിന് ആ അവാര്‍ഡ് നല്‍കാതിരിക്കുക എന്നത് പ്രയാസകരമാണ്. കാരണം മെസി കളി തുടങ്ങിയ കാലം മുതലേ മികച്ച പ്രകടനമാണ് നടത്തുന്നത്.  ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസി,’ ഡിബാല ഓള്‍ എബൗട്ട് അര്‍ജന്റീനയിലൂടെ പറഞ്ഞു.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

നിലവില്‍ മെസി പരിക്കിന്റെ പിടിയിലാണ്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെ ആയിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഇടം നേടാനും മെസിക്ക് സാധിച്ചില്ല.

Content Highlight: Paulo Dybala Talks About Lionel Messi