ഖത്തർ ലോകകപ്പിലെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെതിരെ ഉജ്വല ജയമാണ് അർജന്റീന സ്വന്തമാക്കിയത്. 3-3ന്റെ സമനിലയിൽ പിരിഞ്ഞ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.
കരുത്തന്മാരായ ഫ്രഞ്ച് പടയുടെ പെനാൽട്ടി ഗോളുകൾ സേവ് ചെയ്ത അർജന്റൈൻ കോച്ച് എമിലിയാനോ മാർടിനെസ് ആണ് ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
ലയണൽ മെസി, പൗലോ ഡിബാല, പരേഡെസ്, മോണ്ടിയൽ എന്നിവരായിരുന്നു ഷൂട്ടൗട്ടിൽ അർജന്റീനക്കായി സ്കോർ ചെയ്തത്. എന്നാൽ തന്റെ ഗോൾ പാഴായി പോകുമായിരുന്നെന്നും കൃത്യ സമയത്ത് എമി ടിപ്പ് നൽകിയത് കൊണ്ട് മാത്രമാണ് ഗോൾ നേടാനായതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അർജന്റൈൻ സൂപ്പർതാരം പൗലോ ഡിബാല.
പെനാൽട്ടിയെടുക്കുന്നതിന് മുമ്പ് എമിയുമായി താൻ സംസാരിച്ചെന്നും മധ്യഭാഗത്തേക്ക് പന്തടിക്കാൻ അദ്ദേഹം നിർദ്ദേശിച്ചെന്നുമാണ് ഡിബാലയുടെ വെളിപ്പെടുത്തൽ. ഗോൾകീപ്പറുടെ ഇടത് വശത്തേക്ക് ഗോളടിക്കാനായിരുന്നു തന്റെ പദ്ധതിയെന്നും എന്നാൽ എമി പറഞ്ഞത് പോലെ ചെയ്തത് ഗുണം ചെയ്തെന്നും ഡിബാല വ്യക്തമാക്കി.
മറിച്ച് താൻ ചിന്തിച്ചത് പോലെ ഇടത് വശത്തേക്കായിരുന്നു കിക്കെടുത്തിരുന്നതെങ്കിൽ ആ ഷോട്ട് സേവ് ആകാനുള്ള സാധ്യത വളരെക്കൂടുതൽ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കോച്ച് എന്നെ എക്സ്ട്രാ ടൈമിൽ കളത്തിൽ ഇറക്കിയത് പെനാൽട്ടിക്ക് വേണ്ടിയാണെന്ന് എനിക്കറിയാമായിരുന്നു. പരമാവധി കൂളായിരിക്കാൻ ശ്രമിച്ചെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. കാരണം ലോകകപ്പ് മറ്റ് മത്സരങ്ങളെ പോലെയല്ല. എന്റെ ഊഴമായപ്പോൾ ഞാൻ എമിയുമായി സംസാരിച്ചു.
മധ്യഭാഗത്തേക്ക് ഷൂട്ട് ചെയ്യാനാണ് അദ്ദേഹം എനിക്ക് നിർദേശം നൽകിയത്. ഞാൻ ഇടത് വശത്തേക്ക് അടിക്കാൻ പോവുകയായിരുന്നു. ഗോൾകീപ്പറും അങ്ങോട്ടേക്ക് ചാടി. പക്ഷേ എമി പറഞ്ഞത് പോലെയെല്ലാം സംഭവിച്ചു,” ഡിബാല പറഞ്ഞു.
അതേസമയം 120 മിനിട്ടുകൾ നീണ്ടുനിന്ന മത്സരത്തിൽ ഇരു ടീമും 3-3 സമനിലയിൽ എത്തിയപ്പോൾ ഫ്രാൻസിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ 4-2ന് തകർത്താണ് അർജന്റീന വിശ്വകിരീടമുയർത്തിയത്.
Content Highlights: Paulo Dybala speaks about the tips of Emiliano Martinez