പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ആദ്യം തനിക്ക് ശത്രുതയായിരുന്നെന്നും പിന്നീട് അടുത്ത സുഹൃത്തുക്കളായെന്നും അര്‍ജന്റൈന്‍ സൂപ്പര്‍ താരം പൗലോ ഡിബാല. ആദ്യമായി റൊണാള്‍ഡോക്കൊപ്പം യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു ഡിബാല. തനിക്ക് ചെറുപ്പത്തില്‍ നിങ്ങളോട് വെറുപ്പായിരുന്നെന്ന് ഫ്‌ളൈറ്റില്‍ വെച്ച് പറഞ്ഞപ്പോള്‍ റൊണാള്‍ഡോ ചിരിക്കുകയായിരുന്നെന്നും ഡിബാല പറഞ്ഞു.
ചെറുപ്പത്തില്‍ തന്റെ ഇഷ്ടതാരമായിരുന്ന ലയണല്‍ മെസിയുടെ എതിരാളി മാത്രമായിട്ടായിരുന്നു റോണോയെ കണ്ടിരുന്നതെന്നും അതുകൊണ്ടാണ് വെറുപ്പ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ഡി.എ.സെഡ്.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഡിബാല ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ക്രിസ്റ്റ്യാനോക്കൊപ്പം യുവന്റസില്‍ മനോഹരമായ മൂന്ന് വര്‍ഷം ചെലവഴിക്കാന്‍ സാധിച്ചിരുന്നു. വളരെ ശക്തമായ ടീമായിരുന്നു അപ്പോഴുണ്ടായിരുന്നത്. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം ടീമിന് കൂടുതല്‍ ഊര്‍ജം നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹം മെസിയുടെ എതിരാളിയായിരുന്നത് ഒരു അര്‍ജന്റൈന്‍ എന്ന നിലക്ക് കുട്ടിക്കാലത്ത് എന്റെ മനസില്‍ വെറുപ്പുണ്ടാക്കുകയായിരുന്നു. ഞാന്‍ എല്ലായിപ്പോഴും മെസിയുടെ സൈഡിലായിരുന്നു.
ഒരിക്കല്‍ മാച്ചിന് വേണ്ടി ഞാനും റോണോയും ഒരു ഫ്‌ളൈറ്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഞാന്‍ ബാക്ക് സീറ്റിലായിരുന്നു. ഇടക്ക് വെച്ച് റോണോ എന്റടുത്ത് വന്നിരിക്കുകയും ചെയ്തു. ഞങ്ങള്‍ ഫുട്‌ബോളിനെ കുറിച്ചും മറ്റുകാര്യങ്ങളുമെല്ലാം സംസാരിച്ചു. അപ്പോള്‍ ചെറുപ്പത്തില്‍ എനിക്ക് നിങ്ങളോട് വെറുപ്പായിരുന്നെന്ന് അദ്ദേഹത്തോട് പറയുകയുണ്ടായി. അതുകേട്ട് റോണോ കുറെ ചിരിച്ചു. ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും നല്ല ബന്ധമുണ്ടായിരുന്നു,’ ഡിബാല പറഞ്ഞു.
ക്രിസ്റ്റ്യാനോയും ഡിബാലയും യുവന്റസിനായി 94 മത്സരങ്ങളില്‍ ഒരുമിച്ച് ബൂട്ടുകെട്ടുകയും 12 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് റൊണാള്‍ഡോ അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറുകയായിരുന്നു.
നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ എ.എസ് റോമക്ക് വേണ്ടിയാണ് ഡിബാല ബൂട്ടുകെട്ടുന്നത്. റോമയില്‍ കേവലം 12 മില്യണ്‍ യൂറോ മാത്രം റിലീസ് ക്ലോസുള്ള താരത്തെ സ്വന്തമാക്കാന്‍ നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിബാലക്ക് സമ്മതമെങ്കില്‍ ഏത് ക്ലബ്ബിനും റിലീസ് ക്ലോസ് നല്‍കിക്കൊണ്ട് നിഷ്പ്രയാസം ഡിബാലയെ സ്വന്തമാക്കാനാകും. എന്നാല്‍ നിലവില്‍ റോമയില്‍ തന്നെ തുടരാനാണ് ഡിബാലക്ക് താത്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.