'മെസിയുടെ പാത പിന്തുടര്‍ന്ന് അര്‍ജന്റൈന്‍ സൂപ്പര്‍താരം'
Football
'മെസിയുടെ പാത പിന്തുടര്‍ന്ന് അര്‍ജന്റൈന്‍ സൂപ്പര്‍താരം'
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th July 2023, 4:17 pm

പി.എസ്.ജിയില്‍ നിന്ന് ലയണല്‍ മെസിയുടെ കരാര്‍ അവസാനിക്കാന്‍ ദീര്‍ഘ നാളുകള്‍ ബാക്കിയിരിക്കെ തന്നെ താരത്തെ റാഞ്ചിക്കൊണ്ടുപോകാന്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ലോകത്ത് മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഓഫറായിരുന്നു മെസിക്കായി അല്‍ ഹിലാല്‍ വെച്ചുനീട്ടിയത്.

എന്നാല്‍ സൗദി അറേബ്യന്‍ ക്ലബ്ബിന്റെ ഓഫര്‍ സ്വീകരിക്കാന്‍ മെസി തയ്യാറായിരുന്നില്ല. മെസിയുടേതിന് സമാന അനുഭവമാണ് അര്‍ജന്റൈന്‍ ദേശീയ ടീമില്‍ താരത്തിന്റെ സഹതാരമായ പൗലോ ഡിബാലയെ തേടിയെത്തിയിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ഓഫര്‍ വാഗ്ദാനം നല്‍കി അല്‍ ഹിലാല്‍ ഡിബാലയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും താരം ഓഫര്‍ നിരസിക്കുകയായിരുന്നു. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ എ.എസ് റോമക്ക് വേണ്ടിയാണ് ഡിബാല ബൂട്ടുകെട്ടുന്നത്. റോമയില്‍ കേവലം 12 മില്യണ്‍ യൂറോ മാത്രം റിലീസ് ക്ലോസുള്ള താരത്തെ സ്വന്തമാക്കാന്‍ നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിബാലക്ക് സമ്മതമെങ്കില്‍ ഏത് ക്ലബ്ബിനും റിലീസ് ക്ലോസ് നല്‍കിക്കൊണ്ട് നിഷ്പ്രയാസം ഡിബാലയെ സ്വന്തമാക്കാനാകും. എന്നാല്‍ നിലവില്‍ റോമയില്‍ തന്നെ തുടരാനാണ് ഡിബാലക്ക് താത്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായ മെസി മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.

ജൂലൈ 16നാണ് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ പ്രെസന്റ് ചെയ്യാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.

Content Highlights: Paulo Dybala refuses offer from Al Hilal