| Wednesday, 6th December 2023, 4:58 pm

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസി; പ്രശംസയുമായി ഡിബാല

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മെസിയുടെ സഹതാരമായ പൗലോ ഡിബാല.

മെസി ബാലണ്‍ ഡി ഓര്‍ നേടാന്‍ അര്‍ഹനാണെന്നും ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസിയാണെന്നുമാണ് ഡിബാല പറഞ്ഞത്.

‘മെസി വ്യത്യസ്തമായ ഫുട്‌ബോള്‍ കളിക്കുന്നു. മെസി ബാലണ്‍ ഡി ഓര്‍ നേടാത്ത വര്‍ഷങ്ങളില്‍ പോലും അദ്ദേഹത്തിന് ആ അവാര്‍ഡ് നല്‍കാതിരിക്കുക എന്നത് പ്രയാസകരമാണ്. കാരണം മെസി കളി തുടങ്ങിയ കാലം മുതലേ മികച്ച പ്രകടനമാണ് നടത്തുന്നത്. അദ്ദേഹം ലോകകപ്പില്‍ മികച്ച പ്രകടനം നടത്തി. ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസി,’ ഡിബാലയെ ഉദ്ധരിച്ച് ഓള്‍ എബൗട്ട് അര്‍ജന്റീന റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് മെസി വഹിച്ചത്. ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് മെസി കാഴ്ചവെച്ചത്. ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡ് സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരുന്നു.

ക്ലബ്ബ് തലത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനായി മികച്ച പ്രകടനമാണ് മെസി നടത്തിയത്. പി.എസ്.ജിക്കായി 41 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും 20 അസിസ്റ്റുകളും മെസി സ്വന്തമാക്കി.

ഫ്രഞ്ച് വമ്പന്‍മാരോടൊപ്പം ലീഗ് വണ്‍ കിരീടവും മെസി സ്വന്തമാക്കി. ഈ അവിസ്മരണീയ നേട്ടങ്ങളാണ് അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തെ എട്ടാം ബാലണ്‍ ഡി ഓര്‍ നേട്ടത്തിന് അര്‍ഹനാക്കിയത്.

ഫുട്‌ബോളില്‍ ഒരുപിടി അവിസ്മരണീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് മെസി. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണക്കൊപ്പം മികച്ച കരിയര്‍ പടുത്തുയര്‍ത്താന്‍ മെസിക്ക് സാധിച്ചിരുന്നു. കറ്റാലന്‍മാര്‍ക്കായി 778 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ മെസി 672 ഗോളുകള്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

നിലവില്‍ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ്. അരങ്ങേറ്റ സീസണ്‍ തന്നെ മയാമിക്കൊപ്പം അവിസ്മരണീയമാക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി മയാമിക്കായി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ മയാമി സ്വന്തമാക്കിയിരുന്നു.

Content Highlight: Paulo Dybala praises Lionel Messi.

We use cookies to give you the best possible experience. Learn more