| Thursday, 1st June 2023, 7:15 pm

ഈ നേട്ടത്തില്‍ ഡിബാല മെസിയുടെ പിന്‍ഗാമി; യുറോപ്പ ലീഗ് ഫൈനലില്‍ ഗോള്‍ നേടിയതോടെ പിറന്നത് പുതുചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ പിന്‍ഗാമിയായിട്ട് ഒരു ഘട്ടത്തില്‍ പറഞ്ഞുകേട്ട പേരാണ് പൗലോ ഡിബാലയുടേത്. എന്നാല്‍ ടീമില്‍ ലഭിക്കുന്ന അവസരക്കുറവ് കാരണം ദേശീയ ജേഴ്‌സിയില്‍ താരത്തിന് കൂടുതല്‍ നേട്ടങ്ങല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല.

29കാരനായ ഡിബാല മെസിയുടെ അതേ കളിശൈലിയാണ് പിന്തുടരുന്നത്. അസാധാരണമായ ഡ്രിബ്ലിങ് മികവ്, വേഗത്തില്‍ ഷോട്ടെടുക്കാനുള്ള മിടുക്ക്, മികച്ച ഫിനിഷിങ് എന്നിവ ഡിബാലയുടെ പ്രത്യേകതയാണ്. ഇതുതന്നെയാണ് താരത്തിനെ മെസിയുടെ പിന്‍ഗാമി എന്ന് വിളിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ ശൈലി തന്നെയാണ് ദേശീയ ജേഴ്‌സിയില്‍ താരത്തിന് കുറഞ്ഞ അവസരം ലഭിക്കാനുള്ള കാരണമെന്നുള്ള വിലയിരുത്തലുകളും ഉണ്ട്. പലപ്പോഴും മെസിയുടെ പകരക്കാരന്റെ റോളില്‍ മാത്രമാണ് അദ്ദേഹത്തിന് ടീമില്‍ ഇടം ലഭിക്കാറുള്ളു.

2022ലെ ലോകകപ്പ് സ്‌ക്വാഡില്‍ ഡിബാല ഇടം നേടിയെങ്കിലും ഫൈനലില്‍ അവസാന നിമിഷം മാത്രമേ കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍ ഫൈനിലിലെ ഷൂട്ട് ഔട്ടില്‍ ലഭിച്ച അവസരം ലക്ഷ്യം കണ്ട് ലോകകപ്പ് നേട്ടത്തിന്റെ ഭാഗമാകാന്‍ ഡിബാലക്ക് കഴിഞ്ഞിരുന്നു.

സീരി എ ക്ലബായ എ.എസ് റോമയ്ക്ക് വേണ്ടിയാണ് ഡിബാല ഇപ്പോള്‍ ജേഴ്‌സിയണിയുന്നത്. യൂറോപ്പ ലീഗില്‍ കഴിഞ്ഞ ദിവസം സെവില്ലയുമായി നടന്ന ഫൈനലില്‍ ഗോള്‍ നേടാന്‍ താരത്തിനായിരുന്നുയിരുന്നു. ഇതോടെ മെസിക്ക് ശേഷം ഒരു അര്‍ജന്‍ൈന്‍ താരത്തിന് സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമുണ്ടാക്കുകയാണ് ഡിബാല.

മെസിക്ക് ശേഷം ആദ്യമായി ഒരു യൂറോപ്യന്‍ ടൂര്‍ണമെന്റിന്റ ഫൈനലില്‍ ഗോള്‍ നേടിയ ആദ്യ അര്‍ജന്‍ൈന്‍ താരമാകാന്‍ ഡിബാലക്കായി. പരിക്കില്‍ നിന്ന് തിരികെ വന്ന ശേഷമാണ് ഡിബാലയുടെ ഈ നേട്ടം. 2011ലാണ് ഒരു യൂറോപ്യന്‍ കോമ്പറ്റീഷനില്‍ ലയണല്‍ മെസി ഗോള്‍ നേടിയിരുന്നത്. 2011 മാഞ്ചസ്റ്റര്‍ യുണൈറ്റഡും എഫ്.സി ബാഴ്‌സലോണയും തമ്മിലുള്ള യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലായിരുന്നു മെസിയുടെ ഗോള്‍.

അതേസമയം, യൂറോപ്പ ലീഗിലെ ആവേശകരമായ ഫൈനലില്‍ റോമയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കി സെവിയ്യ കിരീട ജേതാക്കളായി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില വഴങ്ങിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ സെവിയ്യ 4-1 ന് വിജയം നേടി.

Content Highlight: Paulo Dybala new record with Lionel Messi

We use cookies to give you the best possible experience. Learn more