| Monday, 8th June 2020, 8:29 am

തുറക്കും മുന്‍പേ ഈ പുസ്തകക്കട ഹിറ്റ്; ചിത്രം പങ്കുവെച്ച് പൗലോ കൊയ്‌ലോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആലുവയില്‍ ഇനിയും തുറന്ന് പ്രവര്‍ത്തനമാരംഭിക്കാത്ത പുസ്തകക്കടയുടെ ചിത്രം പങ്കുവെച്ച് പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. പുസ്തകക്കടയുടെ ഡിസൈനില്‍ ആകൃഷ്ടനായാണ് പൗലോ കൊയ്‌ലോ ഇങ്ങ് കേരളത്തിലെ പുസ്‌കതക്കടയുടെ ചിത്രം പങ്കുവെച്ചത്.

എറണാകുളം ആലുവയില്‍ തുറക്കാനിരിക്കുന്ന ‘വണ്‍സ് അപോണ്‍ എ ടെെം’ പുസ്തകക്കടയാണ് കഥയിലെ താരം. പൗലോ കൊയ്‌ലോയുടെ ഏറെ പ്രശസ്തമായ, കോടിക്കണക്കിന് വായനക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായ ‘ദ ആല്‍കെമിസ്റ്റു’ള്‍പ്പെടെ നാല് പുസ്തകങ്ങളുടെ വലിയ ത്രിമാനാകൃതിയിലുള്ള രൂപങ്ങളേന്തിയാണ് ഈ കട തലയുയര്‍ത്തി നില്‍ക്കുന്നത്.


അന്താരാഷ്ട്രതലത്തില്‍ ഏറെ വായനക്കാരുള്ള ജെ.കെ. റൗളിങ്ങിന്റെ ഹാരിപോട്ടര്‍, ഹെര്‍മന്‍ മെല്‍വിലിന്റെ മോബിഡിക്, മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്നിവയാണ് മറ്റു പുസ്തകങ്ങള്‍.

കടയുടെ മുകളിലുള്ള, ഷെല്‍ഫിലടുക്കിവെച്ചതുപോലുള്ള ഡിസൈനാണ് ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ആലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ അസീസി ബസ് സ്‌റ്റോപ്പിനുസമീപമാണ് ഈ പുസ്തകക്കട.


ആലുവ അമ്പാട്ടുകാവില്‍ ‘ആദിനീരു’ എന്ന എന്‍ജിനീയറിങ് സ്ഥാപനം നടത്തുന്ന അജികുമാര്‍-മഞ്ജു ദമ്പതികളുടേതാണ് പുസ്തകശാല. ആലുവയില്‍തന്നെയുള്ള വി.ആര്‍ ഗ്രൂപ്പിലെ പാര്‍ട്ണര്‍മാരായ കെ.കെ. വിനോദ്, റോയ് തോമസ് എന്നിവരാണ് ഡിസൈന്‍ ചെയ്തത്.

ആലുവ സ്വദേശിയായ അസി. ഫിലിം ഡയറക്ടര്‍ സി.ബി. വിഷ്ണുവാണ് ഈ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇത് മറ്റൊരാള്‍ പൗലോ കൊയ്‌ലോയുടെ ഒരു ട്വീറ്റിനടിയില്‍ മറുപടിയായി ഇടുകയായിരുന്നു. ഇങ്ങനെയാണ് ചിത്രം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more