ഷാരൂഖ് ഖാനെ പ്രകീര്‍ത്തിച്ച് വിഖ്യാത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ട്വിറ്ററിലൂടെയാണ് താരത്തിനെ അഭിനന്ദിച്ച് എഴുത്തുകാരന്‍ രംഗത്ത് വന്നിരിക്കുന്നത്. ഷാരൂഖിന്റെ ഒരു വീഡിയോയ്‌ക്കൊപ്പമാണ് താരത്തെ പുകഴ്ത്തികൊണ്ടുള്ള സന്ദേശം പൗലോ കൊയ്‌ലോ പങ്കുവെച്ചത്.
ഷാരൂഖ് ഒരു ഇതിഹാസമാണെന്നും രാജാവാണെന്നും തന്റെ സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖിനെ അറിയാത്തവര്‍ മൈ നെയിം ഈസ് ഖാന്‍- ഐ ആം നോട്ട് ടെററിസ്റ്റ് എന്ന സിനിമ കാണാനും പശ്ചാത്യ സിനിമാ പ്രേമികളോട് ട്വീറ്റിലൂടെ അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്.
‘രാജാവ്, ഇതിഹാസം, സുഹൃത്ത് എന്നാല്‍ എല്ലാറ്റിലുമുപരി മികച്ച നടന്‍ (പാശ്ചാത്യ രാജ്യങ്ങളില്‍ അദ്ദേഹത്തെ അറിയാത്തവരോട് മൈ നെയിം ഈസ് ഖാന്‍- ഐ ആം നോട്ട് ടെററിസ്റ്റ്’ എന്ന സിനിമ കാണാന്‍ നിര്‍ദ്ദേശിക്കുന്നു),’ എന്നാണ് പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്തത്.
ഷാരൂഖ് ഖാന്‍ തന്റെ മുംബൈയിലുള്ള വസതിക്ക് മുമ്പില്‍ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോയാണ് ട്വീറ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. താരത്തെ കാണാനായി തടിച്ച് കൂടിയിരിക്കുന്ന ആരാധകരെയും അവിടെ കാണാം.
അതേസമയം ജനുവരി 25ന് തിയേറ്ററിലെത്തിയ പത്താനാണ് ഷാരൂഖാന്റെ എറ്റവും പുതിയ സിനിമ. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമയില്‍ ഷാരൂഖ് ഖാന് പുറമെ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇന്ത്യയൊട്ടാകെ വലിയ സ്വീകാര്യതയാണ് പത്താന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ ബോയിക്കോട്ട് ആഹ്വാനം നടത്തിയിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് വലിയ കളക്ഷന്‍ റെക്കോര്‍ഡുകളാണ് പത്താന്‍ സ്വന്തമാക്കിയത്. 500കോടി ക്ലബ്ബിലും സിനിമ ഇടംപിടിച്ച് കഴിഞ്ഞു.
content highlight: paulo ceolho about sharukh ghan