| Monday, 9th July 2018, 8:31 am

പൗളീഞ്ഞോ ബാഴ്‌സ വിട്ട് ചൈനയിലേക്ക്; പകരക്കാരനെ കണ്ടെത്താന്‍ ബാഴ്‌സയുടെ നെട്ടോട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സിലോണ: സ്പാനിഷ് ക്ലബ് ബാഴ്‌സിലോണയുടെ മധ്യനിരതാരം പൗളീഞ്ഞോ ക്ലബ് വിട്ടു. തന്റെ പഴയ ചൈനീസ് ക്ലബായ ഗ്വാങ്ങ്‌സോ എവര്‍ഗ്രാന്‍ഡിലേക്കാണ് താരം മടങ്ങുന്നത്.

വായ്പാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് ക്ലബിലെത്തുന്ന താരം, പിന്നീട് ഡിസംബറോടെ ക്ലബിന്റെ സ്ഥിരം താരമാവും.

ബാഴ്‌സിലോണക്ക് വേണ്ടി 49 മത്സരങ്ങള്‍ കളിച്ച പൗളീഞ്ഞോ 9 ഗോളുകളും നേടിയിട്ടുണ്ട്. ബാഴ്‌സിലോണയുടെ മധ്യനിരയില്‍ പലപ്പോഴും നിര്‍ണ്ണായകമായ പ്രകടനങ്ങളും ഈ ബ്രസീലിയന്‍ താരം നടത്തി.

വിവരം ബാഴ്‌സിലോണ ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്



താരം പോവുന്നതോടെ മധ്യനിരയില്‍ ആവശ്യത്തിന് താരങ്ങളില്ലാതെ ബാഴ്‌സിലോണ ബുദ്ധിമുട്ടും. ബ്രസീലിന്റെ തന്നെ താരമായ ആര്‍തര്‍ മെലോ ക്ലബിലേക്ക് വരുന്നുണ്ടെങ്കിലും താരത്തിന് ആവശ്യമായ അനുഭവസമ്പത്തില്ല.

നേരത്തെ ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയെ ബാഴ്‌സ ക്ലബിലെത്തിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മെസ്സി പോഗ്ബയെ ക്ലബിലെത്തിക്കാന്‍ ആവശ്യപ്പെട്ടതായും പല യൂറോപ്യന്‍ മാധ്യമങ്ങളും എഴുതി. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നുമായിട്ടില്ല

ഒരു യൂറോപ്യന്‍ മധ്യനിര താരത്തെ ബാഴ്‌സ ക്യാമ്പില്‍ എത്തിച്ചേക്കും. ചെല്‍സിയുടെ വില്യന്‍, പി.എസ്.ജിയുടെ മധ്യനിര താരം റാബിയോട്ട് എന്നിവരെ ആണ് ബാഴ്‌സ ഉന്നമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more