| Wednesday, 28th November 2018, 6:37 pm

കുടിയേറ്റ വിഷയത്തില്‍ സെന്റിനലീസ് ഗോത്രവര്‍ഗക്കാരെ മാതൃകയാക്കണം; വിവാദ പരാമര്‍ശവുമായി ഓസ്‌ട്രേലിയന്‍ സെനറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാന്‍ബറ: കുടിയേറ്റ വിഷയത്തില്‍ അന്‍ഡമാനിലെ ഗോത്രവര്‍ഗക്കാരായ സെന്റിനനല്‍ വിഭാഗത്തെ മാതൃകയാക്കണമെന്ന് ഓസ്‌ട്രേലിയന്‍ സെനറ്റര്‍ പോളിന്‍ ഹാന്‍സണ്‍. സെന്റിനല്‍ ദ്വീപിലേക്ക് കടക്കാന്‍ ശ്രമിച്ച അമേരിക്കന്‍ വംശജനായ ജോണ്‍ അലന്‍ ചൗ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റു മരിച്ച സംഭവത്തെ താരതമ്യപ്പെടുത്തിയാണ് പോളിന്‍ ഹാന്‍സണിന്റെ പ്രതികരണം.

ചെറിയ തോതിലുള്ള കുടിയേറ്റം പോലും തങ്ങളുടെ സംസ്‌ക്കാരത്തെയും ജീവിതത്തെയും അപകടപ്പെടുത്തുമെന്ന സെന്റിനലീസ് വിഭാഗക്കാരുടെ സംസ്‌ക്കാരം അതുല്ല്യമാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും പോളിന്‍ പറഞ്ഞു.

അതിര്‍ത്തി സംരക്ഷിക്കാനായി സെന്റിനലീസ് വിഭാഗക്കാര്‍ നടത്തിയ ചെറുത്തു നില്‍പിനെ അപലപിക്കുകയില്ലെന്നും പോളിന്‍ പറഞ്ഞു.

ഏഷ്യക്കാരെയും മുസ്‌ലിംങ്ങളെയും ഓസ്‌ട്രേലിയയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് നിലപാടുള്ള പോളിന്‍ ഹാന്‍സണ്‍ ആദിവാസി വിരുദ്ധതയുടെ പേരിലും കുപ്രസിദ്ധിയാര്‍ജിച്ച സെനറ്ററാണ്.

ഓസ്‌ട്രേലിയയിലെ ആദിമവാസികള്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ഊറ്റുകയാണെന്ന് പോളിന്‍ ആരോപിച്ചിരുന്നു. ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് 9 വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പോളിന്‍ കഴിഞ്ഞ മാസം ഭീഷണിപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more