| Sunday, 8th August 2021, 3:10 pm

കൈരളീവിലാസം ലോഡ്ജ് | തെളിവില്ലാതായിപ്പോയ ഒരു ദൂരദര്‍ശന്‍ പരമ്പര | സക്കറിയ

പോള്‍ സക്കറിയ

മലയാളികളുടെ പ്രിയങ്കര നടനും എന്റെ പ്രിയ സുഹൃത്തുമായ നെടുമുടി വേണു ചില നല്ല ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ഈയിടെ അയച്ചു തന്നതാണ് ഇക്കൂടെയുള്ള ചിത്രങ്ങള്‍. ‘കൈരളീവിലാസം ലോഡ്ജ്’ എന്ന ദൂരദര്‍ശന്‍ പരമ്പരയുടെ ചിത്രാഞ്ജലിയിലെ സെറ്റില്‍ വച്ചെടുത്തത്. 1987-88 ലായിരുന്നു ഷൂട്ട്. 88ല്‍ (വര്‍ഷം ശരിയെന്നു കരുതുന്നു) തിരുവനന്തപുരം കേന്ദ്രം 13 എപ്പിസോഡുകളായി അത് സംപ്രേഷണം ചെയ്തു. സംവിധാനം ചെയ്തതും ഒരു പ്രധാന റോളില്‍ അഭിനയിച്ചതും വേണുവായിരുന്നു. കഥയും തിരക്കഥയും എഴുതിയത് ഞാനും.

ശശികുമാര്‍ (ഏഷ്യാനെറ്റ് സ്ഥാപകന്‍) ഡല്‍ഹിയില്‍ പി.ടി.ഐ ടിവിയുടെ ചീഫ് പ്രൊഡ്യൂസര്‍ ആയിരിക്കുമ്പോളാണ് അദ്ദേഹം ആളുകള്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്ന ഒരു പരമ്പരയുടെ സാധ്യത എന്നോട് അന്വേഷിച്ചത്. ചിരിപ്പിക്കല്‍ ഒട്ടും എളുപ്പമല്ലെങ്കിലും എനിക്ക് സ്വന്തമായി ചിരിക്കാനുള്ള കഴിവെങ്കിലും ഉണ്ട് എന്ന വിശാസത്തില്‍ ഞാന്‍ അതേറ്റെടുത്തു.

സക്കറിയ

എന്നിട്ട് എന്റെ കൂട്ടുകാരന്‍ മോന്‍കുട്ടന്‍ എന്ന കാവാലം പദ്മനാഭനെ (താളവാദ്യങ്ങളുടെയും വീണയുടെയും പുല്ലാംകുഴലിന്റെയും ഉസ്താദ്. ബഹുമുഖസഹൃദയന്‍. കാവാലം നാരായണപ്പണിക്കരുടെ ജേഷ്ഠസഹോദരപുത്രന്‍) തട്ടിയെടുത്തു കൊണ്ട് ഹരിദ്വാറിലേക്കു യാത്രയായി. മണി മുഴങ്ങുന്നത് കേള്‍ക്കാനല്ല (അതും നല്ലതു തന്നെ) ഗംഗയില്‍ കുളിച്ചു താമസിച്ചുകൊണ്ട് സ്‌ക്രിപ്റ്റ് എഴുതാന്‍. കാലത്തൊരു കുളി വൈകിട്ടൊരു കുളി. പറ്റിയാല്‍ ഇടക്കൊരു കുളി. മോന്‍കുട്ടന്റെ ഹൃദയം നിറഞ്ഞ നര്‍മ്മബോധവും കൃത്യമായ നാടകവേദീജ്ഞാനവും എന്നെ തുണച്ചു. അതുപോലെ തന്നെ ഞങ്ങളുടെ ഒത്തൊരുമിപ്പിന്റെ സൗഖ്യവും.

അങ്ങനെ ആദ്യം ഹരിദ്വാറിലും പിന്നെ ഋഷികേശിലും ഓരോ കുളിച്ചുതാമസങ്ങള്‍ കഴിഞ്ഞപ്പോള്‍ 13 ല്‍ പാതിയോളം എപ്പിസോഡുകള്‍ക്കു ഏകദേശ രൂപമായി. ഞങ്ങള്‍ ഇരുവരുടെയും കെട്ടുകണക്കിനു പാപങ്ങള്‍ ഗംഗയിലൂടെ ഒഴുകിയും പോയി. (ഗംഗയുടെ മലിനീകരണത്തിന്റെ ആരംഭം അതായിരുന്നോ എന്ന് സംശയിക്കണം) തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ബാര്‍ ആയി പ്രവര്‍ത്തിക്കുന്ന തൊട്ടടുത്തുള്ള ജ്വാലാപൂര്‍ ടൗണിലെ നാടന്‍ മദ്യക്കടകളുടെ സമ്പദ്വ്യവസ്ഥക്കു ഞങ്ങളെ കൊണ്ട് ചെറുതല്ലാത്ത പ്രയോജനമുണ്ടായി എന്നതും സ്മരിക്കട്ടെ.

പരമ്പരയുടെ കഥ വേണുവിനെ പറഞ്ഞുകേള്‍പ്പിക്കുകയും അദ്ദേഹം അത് സംവിധാനം ചെയ്യാമെന്നു സന്തോഷപൂര്‍വം സമ്മതിക്കുകയും ചെയ്തിരുന്നു. നടീനടന്മാരെ കണ്ടെത്തുന്ന ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുത്തു. (പെട്ടെന്ന് ഓര്‍മ്മവരുന്ന പേരുകള്‍: വേണു നാഗവള്ളി, ജഗന്നാഥന്‍, കരമന ജനാര്‍ദനന്‍ നായര്‍, കൃഷ്ണന്‍ കുട്ടി നായര്‍, എം.എസ്. തൃപ്പൂണിത്തുറ – ഇവര്‍ ഇന്ന് നമ്മോടൊപ്പം ഇല്ല – മണിയന്‍പിള്ള രാജു, ജഗദീഷ്, വിലാസിനി, സിത്താര. ഇന്നസെന്റും ശ്രീനിവാസനും ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍. വിട്ടുപോയ പേരുകള്‍ പലതുണ്ട്, മാപ്പു ചോദിക്കുന്നു.)

ചിത്രാഞ്ജലിയില്‍ ലോഡ്ജിന്റെ സെറ്റിട്ടു. എല്ലാം റെഡി. പക്ഷെ ഷൂട്ട് തുടങ്ങുമ്പോള്‍ എന്റെ കൈവശം, ഗംഗയിലെ എല്ലാ നീരാട്ടങ്ങള്‍ക്കും ശേഷവും, പൂര്‍ണമായി റെഡി ആയ എപ്പിസോഡുകള്‍ രണ്ടോ മൂന്നോ മാത്രം. ഡല്‍ഹിയില്‍ നിന്ന് ഷൂട്ട് ദിവസം സ്‌ക്രിപ്റ്റുമായി വിമാനത്തില്‍ പാഞ്ഞെത്തുന്ന ഗുരുതരമായ അവസ്ഥ ഒന്ന് രണ്ടു തവണ ഉണ്ടായി. അതോടെ വേണു പറഞ്ഞു, ‘ഇത് ശരിയാവില്ല. അപകടം പടിവാതില്‍ക്കലെത്തി. ഉറച്ചിരുന്ന് എഴുതണം. ഞാന്‍ എന്റെ വീട്ടില്‍ തളച്ചിടാം. മര്യാദയ്ക്ക് എഴുതിക്കാം. ‘അങ്ങനെ ഞാന്‍ വേണുവിന്റെ കുണ്ടമണ്‍കടവിലെ ദേവന്‍ മാഷ് പണിത തനിപ്പുത്തന്‍ വീട്ടില്‍ വേണു, സഹധര്‍മിണി സുശീല, വേണുവിന്റെ അമ്മ, കൊച്ചു കുഞ്ഞായ മോന്‍, എന്നിവരോടൊപ്പം കുടിപാര്‍പ്പ് ആരംഭിച്ചു.

സുശീലയുടെ സ്‌നേഹമധുരമായ അധ്യക്ഷതയിലെ ആ ജീവിതം സുന്ദരമായ ഒരു നല്ല കാലമായിരുന്നു. വേണുവിനോട് കൂടിയാലോചിച്ചു എഴുതിയപ്പോള്‍ സ്‌ക്രിപ്റ്റിലെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരങ്ങള്‍ ഉണ്ടായി. ഞങ്ങളുടെ കൂട്ടുകൂട്ടലുകളുടെ പരമ്പരകള്‍ വേറെ. ഭാസ്‌കരന്‍ മാഷ് വന്നു. അരവിന്ദന്‍ വന്നു. വേണുവിന്റെയും എന്റെയും സുഹൃത്തുക്കള്‍ പലരും വന്നു. എന്റെ ചെറുതായിരുന്ന മകള്‍ കുറച്ചു ദിവസം വന്നു താമസിച്ചു.

ഒരു വൈകുന്നേരം ഭാസ്‌കരന്‍ മാഷ് ‘നഗരം നഗരം’ പാടുന്നത് ഓര്‍മ്മയുണ്ട്. പലയിടത്തും സ്വന്തം ട്യൂണില്‍ ആണ് മൂപ്പര്‍ പാടുന്നത്! വേണു മൃദംഗത്തില്‍ കസറി. ഞാന്‍ പാലായില്‍ നിന്ന് ഒരു മഞ്ഞ ഇല്ലി തൈ കൊണ്ടുവന്നു. വേണു അത് ആറ്റിറമ്പത്തു നട്ടു. പാലായില്‍ നിന്ന് വന്നതായതു കൊണ്ട് അത് കാട് ആയിത്തീരാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും വേണു അതിനെ വരുതിയില്‍ കൊണ്ടുവന്നു. അന്ന് ശബ്ദം ലൈവ് ആയി റെക്കോര്‍ഡ് ചെയ്യുകയായിരുന്നു എന്ന് വേണു സ്മരിക്കുന്നു. ഡബ്ബിങ് ഇല്ലാതെയാണ് മുഴുവന്‍ പരമ്പരയും ചെയ്തു തീര്‍ത്തത്. ആ രീതി അക്കാലത്തു അപൂര്‍വമായിരുന്നു.

അഭിനേതാക്കളില്‍ കുറച്ചു പേരെ ഈ ചിത്രങ്ങളില്‍ കാണാം. പലരും പിന്നീട് പ്രശസ്തരായി. ആദ്യം സൂചിപ്പിച്ചതു പോലെ പലരും കടന്നു പോയി. എന്റെ പ്രിയ കൂട്ടുകാരന്‍ സുരേഷ് പാട്ടാലിയെ ഞാന്‍ പ്രത്യേകം ഓര്‍മ്മിക്കുന്നു. ഞങ്ങള്‍ പാട്ടാലിയെ ബലം പ്രയോഗിച്ചെന്ന പോലെ നടനാക്കുകയായിരുന്നു. ഒരു ദുഖിത കാമുകന്റെ റോളാണ് ചെയ്തത്. അഞ്ചു വര്‍ഷം കഴിഞ്ഞാണ് പാട്ടാലി ഏഷ്യാനെറ്റില്‍ വന്നത്.

പ്രധാനപ്പെട്ട പല ക്രെഡിറ്റുകളും ഈ ചെറിയ കുറിപ്പില്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതില്‍ ദുഖമുണ്ട്. ഞാന്‍ ഈ പരമ്പരയുടെ രണ്ടോ മൂന്നോ എപ്പിസോഡുകളെ കണ്ടിട്ടുള്ളു. കാണാന്‍ പേടിയായിരുന്നു – എഴുത്തുകാരന്റെ ഭീരുത്വം. വേണുവും ഞാനും ഇത് ഒന്നുകൂടി കാണാന്‍ പല ശ്രമങ്ങളും നടത്തി. പരാജയപ്പെട്ടു.

ദൂരദര്‍ശനില്‍ നിന്നും അപ്രത്യക്ഷമായി എന്നാണ് മനസ്സിലാക്കുന്നത്. കാലം അതിനെ എവിടെയോ മറവു ചെയ്തു കഴിഞ്ഞു. കാലം ചരിത്രത്തിന്റെ തന്നെ എത്രയോ പരമ്പരകള്‍ക്ക് സാക്ഷി നിന്നിരിക്കുന്നു! പിന്നെയല്ലേ ഇത്. എന്നിരുന്നാലും ഇത് വായിക്കുന്ന ഏതെങ്കിലും സുഹൃത്തിനു ഈ പരമ്പരയുടെ കോപ്പി എവിടെയെങ്കിലും ഉള്ളതായി അറിയാമെങ്കില്‍ വേണുവിനെയോ എന്നെയോ അറിയിച്ചാല്‍ വളരെ സന്തോഷമായി. ശുഭം!

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Paul Zacharia Writes about Kairaleevilasam lodge serial

പോള്‍ സക്കറിയ

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോൾ സക്കറിയ എന്ന സക്കറിയ

We use cookies to give you the best possible experience. Learn more