| Wednesday, 18th January 2017, 8:27 pm

ബി.ജെ.പി നേതാക്കള്‍ക്ക് 'വൈ കാറ്റഗറി' സുരക്ഷ ഏര്‍പ്പെടുത്തി കേരളത്തെ വര്‍ഗീയ കലാപത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ബി.ജെ.പിക്കും മോദിക്കും നന്ദി; ബി.ജെ.പിയെ പരിഹസിച്ച് എഴുത്തുകാരന്‍ സക്കറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബി.ജെ.പി നേതാക്കളെ വധിച്ചാല്‍ കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട ബി.ജെ.പിക്കും മോദിക്കും മലയാളികള്‍ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സക്കറിയ ചോദിക്കുന്നു.


കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്ക് “വൈ കാറ്റഗറി” സുരക്ഷ ഏര്‍പ്പെടുത്തിയത് ഇവരെ വധിച്ച് സംസ്ഥാനത്ത് വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഭീകരസംഘടനകള്‍ ശ്രമിക്കുന്നതിനാലാണെന്ന വാദത്തെ പരിഹസിച്ചും വിമര്‍ശിച്ചും എഴുത്തുകാരന്‍ സക്കറിയ.

ബി.ജെ.പി നേതാക്കളെ വധിച്ചാല്‍ കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട ബി.ജെ.പിക്കും മോദിക്കും മലയാളികള്‍ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സക്കറിയ ചോദിക്കുന്നു.

സുരക്ഷ ഏര്‍പ്പെടുത്തിയ നാല് പേര്‍ക്കല്ലാതെ ബാക്കി ബി.ജെ.പി നേതാക്കള്‍ക്ക് വര്‍ഗീയകലാപം ഉണ്ടാക്കുന്ന ഇനം മരണം വരിക്കാനുള്ള യോഗ്യത ഇല്ലേ എന്നും ബി.ജെ.പി നേതാക്കളെ ഹിന്ദുക്കളാണ് വധിക്കുന്നതെങ്കില്‍ വര്‍ഗീയ കലാപമുണ്ടാവുമോയെന്നും സക്കറിയ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ നാല് ബിജെപി നേതാക്കന്മാര്‍ക്ക് വൈ വിഭാഗത്തില്‍ പെട്ട സുരക്ഷ നല്കുന്നതിനെപ്പറ്റി മലയാള മനോരമയില്‍ വന്ന റിപ്പോര്‍ട്ടില്‍ ഹൃദയസ്പര്‍ശി ആയ ഒരു വിവരം ഉണ്ട്. അതായത് “ബിജെപി നേതാക്കളെ വധിച്ചു കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ഭീകര സംഘടനകള്‍ പദ്ധതി ഇട്ടതിനാല്‍” ആണ് ഈ നടപടി.

ബിജെപി നേതാക്കളെ വധിച്ചാല്‍ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാകും എന്ന ഈ മുന്‍കൂട്ടി കാഴ്ചക്കും കരുതലിനും മലയാളികള്‍ എങ്ങിനെ ആണ് നരേന്ദ്ര മോദിക്കും കേരളത്തിലെ ബിജെപി നേതൃത്വത്തിനും നന്ദി പറയുക?

ഭാഗ്യവശാല്‍ ഈ നാല് നേതാക്കള്‍ മാത്രം. ബാക്കിയുള്ളവര്‍ക്ക് വര്‍ഗീയകലാപം ഉണ്ടാക്കുന്ന ഇനം മരണം വരിക്കാനുള്ള യോഗ്യത ഇല്ല എന്ന് കരുതണം. (ഉണ്ടായിരുന്നു എങ്കില്‍ കണ്ണൂരിലും തലശ്ശേരിയിലും ഇതിനകം എത്ര വര്‍ഗീയ കലാപം ഉണ്ടാകേണ്ടിയത് ആയിരുന്നു.) രാജേട്ടന് പോലും ആ യോഗ്യത ഇല്ല.

ഒന്ന് രണ്ടു സംശയങ്ങള്‍ ബാക്കി നില്കുന്നു.

ഗാന്ധിജിയെ ബ്രാഹ്മണന്‍ ആയ ഗോഡ്‌സെ വധിച്ചത് പോലെ ബിജെപി നേതാക്കളെ ഹിന്ദുക്കള്‍ തന്നെ വധിച്ചാലും വര്‍ഗീയ കലാപം ഉണ്ടാകുമോ? ഹിന്ദുക്കള്‍ക്കും തെറ്റ് പറ്റാമല്ലോ.

നാല് സിപിഎം നേതാക്കള്‍ വധിക്കപ്പെട്ടാലും വര്‍ഗീയ കലാപം ഉണ്ടാകുമോ ആവോ? അതോ വെറും ഹര്‍ത്താലും കല്ലേറും മാത്രമോ?

നാല് കോണ്‍ഗ്രസ് നേതാക്കള്‍ വധിക്കപ്പെട്ടാലോ? വെറും കണ്ണീരൊലിപ്പിക്കലും അനുശോചനവും മാത്രമേ ഉണ്ടാകുകയുള്ളോ?

മലയാളികളുടെ ഭാഗ്യത്തിന് ബിജെപിക്ക് അവര്‍ മൂലം ഉണ്ടായേക്കാവുന്ന ഒരു വര്‍ഗീയ കലാപം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു! ഇത്രമാത്രം ശ്രദ്ധയോടെയും ദേശസ്‌നേഹത്തോടെയും മലയാളികളെ ഒരു വര്‍ഗീയ കലാപത്തിന്റെ സാധ്യതയില്‍ നിന്ന് രക്ഷിച്ചതിനു ബിജെപിക്കും നരേന്ദ്ര മോദിക്കും നന്ദി!


Read more: നോട്ടുനിരോധനം; പാര്‍ലമെന്ററിക്ക് സമിതിക്ക് മുന്നില്‍ ഉത്തരംമുട്ടി റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍


Latest Stories

We use cookies to give you the best possible experience. Learn more