കാഞ്ഞങ്ങാട്ട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന് സക്കറിയ. വി.എസ് അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്നാണ് സക്കറിയ അഭിപ്രായപ്പെട്ടത്.
പിണറായി വിജയന്റെ ശരീരഭാഷയെക്കുറിച്ച് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കൈവീശി ചിരിക്കുകയും കുഞ്ഞുങ്ങളെ എടുക്കുകയും ചെയ്താല്‍ ജനകീയനാവില്ലെന്നും അദ്ദേഹം പറയുന്നു. കാഞ്ഞങ്ങാട് ഒരുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ വിഎസിനെ നിര്‍മിക്കാന്‍ നല്‍കിയതിന്റെ നൂറിലൊരംശം പോലും പിണറായിക്ക് നല്‍കുന്നില്ല. കൂടാതെ രാഷ്ട്രീയക്കാര്‍ വഴിപാട് പോലെ യാത്ര നടത്തിയാലൊന്നും വോട്ടര്‍മാരെ ഉണര്‍ത്താനാകില്ല. തെരഞ്ഞെടുപ്പിനു മുമ്പുളള ചടങ്ങായി യാത്രകള്‍ മാറിയെന്നും സക്കറിയ വ്യക്തമാക്കി.
മാധ്യമങ്ങളാണ് വെള്ളാപ്പള്ളിയെയും ആര്.എസ്.എസിനെയും വലുതാക്കുന്നത്. പതിവിനു വിപരീതമായി ഇക്കുറി ബിജെപിക്ക് രണ്ടോ മൂന്നോ സീറ്റ് കൊടുക്കാന്‍ ഇടത്വലത് മുന്നണികള്‍ തയ്യാറാകുമെന്നും സക്കറിയ അഭിപ്രായപ്പെട്ടു