കോട്ടയം: കേരളത്തില്‍ അധികാരത്തിലെത്താനുള്ള ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ക്ക് ചില ക്രൈസ്തവ പുരോഹിതര്‍ വഴിപ്പെടുകയാണെന്ന് സിറോ മലബാര്‍ സഭാ മുന്‍ വക്താവും ക്രൈസ്തവ പണ്ഡിതനുമായ പോള്‍ തേലക്കാട്ട്.
മീഡിയ വണ്ണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹിന്ദു സമുദായത്തില്‍ നിന്ന് ആവശ്യത്തിന് പിന്തുണ കിട്ടാതിരിക്കുമ്പോള്‍ സുറിയാനി ക്രിസ്ത്യാനികളെ കൂടെച്ചേര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇത് വേദനാജനകമായ സാഹചര്യമാണ്,’ അദ്ദേഹം പറഞ്ഞു.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രയോഗം കത്തോലിക്കാ സഭയിലെ ധാര്‍മികനേതൃത്വത്തിന്റെ അപചയമാണെന്നും തേലക്കാട്ട് പറഞ്ഞു.
ക്രൈസ്തവര്‍ അധികാരത്തിനൊപ്പം നില്‍ക്കരുതെന്നും ചിലപ്പോള്‍ അവര്‍ നമ്മെ തേടിയും വന്നേക്കാമെന്നും തേലക്കാട്ട് കൂട്ടിച്ചേര്‍ത്തു.
എന്തുവന്നാലും അധികാരം വേണമെന്ന കാമം സകലര്‍ക്കും ഉണ്ടാകാവുന്നതാണെന്നും ആ കാമത്തെ പിടിച്ചുനിര്‍ത്തേണ്ടത് വിശ്വാസത്തിന്റെയും ദര്‍ശനത്തിന്റെയും ഫലമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘ചരിത്രം ആവര്‍ത്തിക്കുന്നത് ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോഴാണ്. നാസി ഭരണകാലത്ത് നാസികളെ രക്ഷകരായി കണ്ട ക്രൈസ്തവരും സഭാധ്യക്ഷരുമുണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.