അഫ്ഗാനിസ്ഥാന്‍-അയര്‍ലാന്‍ഡ് മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിന് ജയം. അഫ്ഗാനിസ്ഥാനെ 38 റണ്‍സിനാണ് അയര്‍ലാന്‍ഡ് പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ജയത്തോടൊപ്പം ഒരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അയര്‍ലാന്‍ഡ് താരം പോള്‍ സ്ട്രിലിങ്. മെന്‍സ് ടി-20 ക്രിക്കറ്റില്‍ 400 ഫോറുകള്‍ നേടുന്ന ആദ്യ താരമായി മാറാനാണ് പോളിന് സാധിച്ചത്.
മത്സരത്തില്‍ രണ്ട് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടെ 27 പന്തില്‍ 25 റണ്‍സാണ് അയര്‍ലാന്‍ഡ് താരം നേടിയത്. ഇതിനു പിന്നാലെയാണ് താരം ചരിത്രനേട്ടത്തിലേക്ക് കാലെടുത്തുവെച്ചത്. ടി-20യില്‍ 134 ഇന്നിങ്‌സില്‍ നിന്നും ഒരു സെഞ്ച്വറിയും 23 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 3463 റണ്‍സാണ് സ്ട്രിലിങ് നേടിയത്.
മെന്‍സ് ടി-20യില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ താരം, ടീം, ഫോറുകളുടെ എണ്ണം എന്നീ ക്രമത്തില്‍
പോള്‍ സ്ട്രിലിങ്-അയര്‍ലാന്‍ഡ്-401
ബാബര്‍ അസം-പാകിസ്ഥാന്‍-395
വിരാട് കോഹ്‌ലി-ഇന്ത്യ-361
രോഹിത് ശര്‍മ-ഇന്ത്യ-359
ഡേവിഡ് വാര്‍ണര്‍-ഓസ്‌ട്രേലിയ-320
അതേസമയം മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. ഹാരി ടെക്ടര്‍ 34 പന്തില്‍ പുറത്താവാതെ 56 റണ്‍സ് നേടി നിര്‍ണായകമായി. ഏഴ് ഫോറുകളും രണ്ട് സിക്‌സുമാണ് ടെക്ടര്‍ നേടിയത്.
അഫ്ഗാന്‍ ബൗളിങ്ങില്‍ നായകന്‍ റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റും നംഗേയാലിയ ഖരോട്ടെ രണ്ട് വിക്കറ്റും വീഴ്ത്തി മിന്നും പ്രകടനം നടത്തി. ശേഷിക്കുന്ന ഒരു വിക്കറ്റ് അസ്മത്തുള്ള ഒമര്‍സായിയാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 18.4 ഓവറില്‍ 111 റണ്‍സിന് പുറത്താവുകയായിരുന്നു. അയര്‍ലാന്‍ഡ് ബൗളിങ്ങില്‍ ബെഞ്ചമിന്‍ വൈറ്റ് നാല് വിക്കറ്റും ജോഷ്വാ ലിറ്റില്‍ മൂന്നു വിക്കറ്റും ബാരി മക്കാര്‍ത്തി രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ അഫ്ഗാന്‍ ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.
അഫ്ഗാന്‍ നിരയില്‍ മുഹമ്മദ് ഇഷ്വാക് 22 പന്തില്‍ 32 റണ്‍സും മുഹമ്മദ് നബി 21 പന്തില്‍ 25 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
മാര്‍ച്ച് 17നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content Highlight: Paul Stirling become the first player to hit 400 fours in men’s T20