ഒരാള്‍ മികച്ച കളിക്കാരന്‍, മറ്റെയാള്‍ ബുദ്ധിശാലി; മെസി-റോണോ ഫാന്‍ ഡിബേറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം
Football
ഒരാള്‍ മികച്ച കളിക്കാരന്‍, മറ്റെയാള്‍ ബുദ്ധിശാലി; മെസി-റോണോ ഫാന്‍ ഡിബേറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd May 2023, 4:49 pm

ആധുനിക ഫുട്ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ മികച്ച താരം ആരെന്ന് തുറന്ന് പറഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം പോള്‍ സ്‌കോള്‍സ്. മെസി മികച്ച താരവും റോണോ ബുദ്ധിശാലിയായ കളിക്കാരനുമാണെന്നായിരുന്നു സ്‌കോള്‍സിന്റെ വിലയിരുത്തല്‍.

റൊണാള്‍ഡോയുടെ മുന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചിട്ടുള്ള താരമാണ് സ്‌കോള്‍സ്. മെസിയാണ് മികച്ച താരമെന്നും അദ്ദേഹം തികഞ്ഞ ഫുട്ബോളറാണെന്നും അദ്ദേഹം പറഞ്ഞു. ‘ഗിവ് മി സ്പോര്‍ട്സ്’ ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മെസി മികച്ച താരമാണ്, റൊണാള്‍ഡോ ബുദ്ധിശാലിയും. വേഗതയും കരുത്തും കൊണ്ട് റൊണാള്‍ഡോ കഴിവുള്ളവനാണ്. അദ്ദേഹം സ്‌കോര്‍ ചെയ്യുകയും ഫ്രീ കിക്കുകള്‍ എടുക്കുകയും ചെയ്യുന്നു. എന്നാല്‍ മെസി ഓള്‍ റൗണ്ടര്‍ ആണ്. അദ്ദേഹത്തിന്റെ പാസുകളും, എല്ലാം മികച്ചതാണ്. തീര്‍ച്ചയായും ഫുട്‌ബോളില്‍ അദ്ദേഹം എല്ലാമാണ്.

ഫുട്‌ബോളിലെ പല ഇതിഹാസങ്ങള്‍ക്കൊപ്പവും എനിക്ക് കളം പങ്കുവെക്കാന്‍ സാധിച്ചിട്ടുണ്ട്. എറിക് കാന്റാന, സിനദിന്‍ സിദാന്‍, പിര്‍ലേ, സാവി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പിന്നെ ഫുട്‌ബോളിലെ ഗോട്ട് ആയ ലയണല്‍ മെസി എന്നിങ്ങനെ മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്,’ സ്‌കോള്‍സ് പറഞ്ഞു.

അതേസമയം, ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 834 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 805 ഗോളുകളാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ക്ലബ്ബ് ഫുട്‌ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ സജീവമായത്.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്‌ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്‌ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

Content Highlights: Paul Scholes praises Lionel Messi and Cristiano Ronaldo