മെസി-റോണോ ഫാന്‍ ഡിബേറ്റില്‍ ഇഷ്ടതാരം ആരെന്ന് പറഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം
Football
മെസി-റോണോ ഫാന്‍ ഡിബേറ്റില്‍ ഇഷ്ടതാരം ആരെന്ന് പറഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th April 2023, 1:08 pm

ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ മികച്ച താരം ആരെന്ന് തുറന്ന് പറഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം പോള്‍ സ്‌കോള്‍സ്. മെസി മികച്ച താരവും റോണോ ബുദ്ധിശാലിയായ കളിക്കാരനുമാണെന്നായിരുന്നു സ്‌കോള്‍സിന്റെ വിലയിരുത്തല്‍.

റൊണാള്‍ഡോയുടെ മുന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചിട്ടുള്ള താരമാണ് സ്‌കോള്‍സ്. മെസിയാണ് മികച്ച താരമെന്നും അദ്ദേഹം തികഞ്ഞ ഫുട്‌ബോളറാണെന്നും അദ്ദേഹം പറഞ്ഞു. ‘ഗിവ് മി സ്‌പോര്‍ട്‌സ്’ ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മെസി മികച്ച താരമാണ്, റൊണാള്‍ഡോ ബുദ്ധിശാലിയും. വേഗതയും കരുത്തും കൊണ്ട് റൊണാള്‍ഡോ കഴിവുള്ളവനാണ്. അദ്ദേഹം സ്‌കോര്‍ ചെയ്യുകയും ഫ്രീ കിക്കുകള്‍ എടുക്കുകയും ചെയ്യുന്നു. എന്നാല്‍ മെസി ഓള്‍ റൗണ്ടര്‍ ആണ്. അദ്ദേഹത്തിന്റെ പാസുകളും, എല്ലാം മികച്ചതാണ്. തീര്‍ച്ചയായും ഫുട്ബോളില്‍ അദ്ദേഹം എല്ലാമാണ്.

ഫുട്ബോളിലെ പല ഇതിഹാസങ്ങള്‍ക്കൊപ്പവും എനിക്ക് കളം പങ്കുവെക്കാന്‍ സാധിച്ചിട്ടുണ്ട്. എറിക് കാന്റാന, സിനദിന്‍ സിദാന്‍, പിര്‍ലേ, സാവി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പിന്നെ ഫുട്ബോളിലെ ഗോട്ട് ആയ ലയണല്‍ മെസി എന്നിങ്ങനെ മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്,’ സ്‌കോള്‍സ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ നൈസിനെതിരെ നടന്ന മത്സരത്തില്‍ മെസി ഗോള്‍ സ്‌കോര്‍ ചെയ്തതോടെ താരം യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകള്‍ക്കായി നേടുന്ന മൊത്തം ഗോളുകളുടെ എണ്ണം 702 തികഞ്ഞു.

നൈസിനെതിരെ പി.എസ്.ജി നേടിയ രണ്ട് ഗോളുകളില്‍ ഒന്ന് മെസിയുടെ സംഭാവനയായിരുന്നു. യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകള്‍ക്കായി 701 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. റൊണാള്‍ഡോയെക്കാള്‍ 105 മത്സരങ്ങള്‍ കുറച്ച് കളിച്ചിട്ടാണ് മെസി ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ബാഴ്‌സലോണക്കായി 778 മത്സരങ്ങള്‍ കളിച്ച മെസി 672 ഗോളുകളാണ് ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുള്ളത്. പി.എസ്.ജിയില്‍ 68 മത്സരങ്ങളില്‍ നിന്നും 30 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

ഈ സീസണില്‍ പാരിസ് ക്ലബ്ബിനായി 34 മത്സരങ്ങള്‍ കളിച്ച മെസി 19 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. റൊണാള്‍ഡോ തന്റെ ക്ലബ്ബായ അല്‍ നസറിനായി ഇതുവരെ 11 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി.

Content Highlights: Paul Scholes picks his favourite from Messi-Ronaldo legends