സൗദി പ്രോ ലീഗിലേക്ക് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ എത്തുകയാണെങ്കില്‍ റൊണാള്‍ഡോയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ താരം പോള്‍ റോബിന്‍സണ്‍.
‘എന്റെ അഭിപ്രായത്തില്‍ സലായുടെ ട്രാന്‍സ്ഫര്‍ സൗദി ലീഗില്‍ വലിയ വഴിത്തിരിവ് ഉണ്ടാകും. അവിടേക്ക് പോവുകയാണെങ്കില്‍ അവന്റെ വ്യക്തിപരമായ അഭിലാഷങ്ങള്‍ക്കും അവന്റെ മറ്റ് സാംസ്‌കാരികമായ പലകാര്യങ്ങളിലും അനുകൂലമാവാന്‍ സൗദി മികച്ച ഓപ്ഷന്‍ ആണ്. അവന്‍ സൗദി ലീഗില്‍ കളിക്കുമ്പോള്‍ മികച്ച ഒരു ഐക്കണ്‍ താരമായിരിക്കും.
റൊണാള്‍ഡോയാണ് സൗദി ലീഗിനെ തുടക്കത്തില്‍ ഏറ്റെടുത്തത്. എന്നാല്‍ റൊണാള്‍ഡോക്ക് എല്ലാകാലത്തും സൗദിയിലെ കളിക്കാന്‍ സാധിക്കില്ല. മുഹമ്മദ് സലാ സൗദിയില്‍ എത്തുകയാണെങ്കില്‍ അവന് റൊണാള്‍ഡോയേയും മറികടക്കാന്‍ സാധിക്കും. സലാ സൗദിയിലേക്ക് വരുകയാണെങ്കില്‍ അത് ഫുട്‌ബോളില്‍ തന്നെ ഏറ്റവും വലിയൊരു ഡീലായിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല,’ റോബിന്‍സന്‍ ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലിവര്‍പൂള്‍ സ്‌ട്രൈക്കറെ സ്വന്തമാക്കാന്‍ സൗദി വമ്പന്മാര്‍ വലിയ ഓഫര്‍ സലാക്കുമുന്നില്‍ വെച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ സീസണില്‍ ലിവര്‍പൂളിന് വേണ്ടി മിന്നും ഫോമിലാണ് സലാ കളിക്കുന്നത്. ക്‌ളോപ്പിന് കീഴില്‍ ഈ സീസണില്‍ 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സലാ നേടിയിട്ടുള്ളത്.
അതേസമയം റൊണാള്‍ഡോ 2023 ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ നസറിലെത്തുന്നത്. റൊണാള്‍ഡോയുടെ വരവോടുകൂടി യൂറോപ്പ്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വിപ്ലവാത്മകരമായ മാറ്റങ്ങള്‍ക്കാണ് സൗദി ലീഗ് തുടക്കം കുറിച്ചത്.
റോണോക്ക് പിന്നാലെ യൂറോപ്പിലെ പല പ്രമുഖ താരങ്ങളും സൗദിയിലേക്ക് ചേക്കേറിയിരുന്നു. ഈ സീസണില്‍ അല്‍ നസറിനു വേണ്ടി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. 24 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സൗദി വമ്പന്മാര്‍ക്ക് വേണ്ടി റൊണാള്‍ഡോ ഈ സീസണില്‍ നേടിയത്.
Content Highlight: Paul Robinson talks about Mohemmed Salah Saudi league transfer.