| Friday, 30th September 2022, 5:53 pm

ഈ തീരുമാനമെടുത്തത് ഹൃദയത്തിൽ നിന്ന്, തിരിച്ചെത്തിയത് പ്രതാപകാലം തിരിച്ചെടുക്കാനെന്ന് ഫ്രഞ്ച് സൂപ്പർതാരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് പോൾ പോഗ്ബെ ഫ്രീ ഏജന്റായി മാഞ്ചസറ്റർ യുണൈറ്റഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയത്. ഇത് ആരാധകർക്കിടയിൽ വലിയ പ്രകമ്പനം സൃഷ്ടിച്ചിരുന്നു.

യുണൈറ്റഡ് താരമായിരുന്ന പോഗ്ബ 2016ലാണ് ഓൾഡ് ട്രോഫോഡിലേക്ക് തിരിച്ചെത്തിയത്. 2016ൽ 97 ദശലക്ഷം യു.എസ് ഡോളറിന് ടൂറനിൽ നിന്ന് പോഗ്ബയെ യുണൈറ്റഡ് മാഞ്ചസ്റ്ററിലെത്തിച്ചുവെങ്കിലും പരിക്കിന്റെയും മോശം ഫോമിന്റെയും പിടിയിലായിരുന്നു അദ്ദേഹം.

യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പോഗ്ബ ഇപ്പോൾ. ക്ലബ്ബിലേക്കുള്ള തിരിച്ചുവരവ് താൻ ആഗ്രഹിച്ചത് പോലെ ആയിരുന്നില്ലെന്നാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

”യുവന്റസിലേക്ക് തിരച്ചുപോകാനുള്ള തീരുമാനമെടുത്തത് എന്റെ ഹൃദയത്തിൽ നിന്നാണെന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇവിടേക്ക് തിരിച്ചു വരാനുള്ള യഥാർത്ഥ സമയമാണിതെന്നും ഞാൻ ചിന്തിക്കുന്നു. മാഞ്ചസ്റ്ററിലുണ്ടായിരുന്ന കഴിഞ്ഞ മൂന്ന് വർഷം പരിക്കുകൾ കൊണ്ട് വലഞ്ഞതിനാൽ ഞാൻ വിചാരിച്ചത് പോലെ കളിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല,’ പോഗ്ബ പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുവന്റസ് സീരി എ നേടാൻ കഴിയാതിരുന്നത് തന്നെയും ക്ലബ്ബിനെയും സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവന്റസ് ജേഴ്സി മൂല്ല്യമേറിയതാണെന്ന് തനിക്കറിയാമെന്നും ഈ ജേഴ്സിയിൽ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമുമായുളള വളരെ നല്ല ബന്ധം ടൂറിനിൽ നിന്ന് പോയെങ്കിലും താരം സൂക്ഷിച്ചിരുന്നു. മികച്ച പരിശ്രമങ്ങളിലൂടെ ശക്തമായി തിരിച്ചുവരവാണ് തന്റെ ലക്ഷ്യമെന്ന് പോഗ്ബ പറഞ്ഞു.

യുവന്റസിൽ തിരിച്ചെത്തിയെങ്കിലും താരം ഇതുവരെ കളിച്ചിട്ടില്ല. സീസണ് മുന്നോടിയായുളള പരിശീലനത്തിനിടെ കാൽ മുട്ടിനേറ്റ പരിക്കിനെ തുടർന്ന് വിശ്രമത്തിലാണ് താരം. പരിക്കിൽ നിന്ന് ഇനിയും പൂർണമായി മുക്തനാകാത്തതിനാൽ പോഗ്ബക്ക് ലോകകപ്പ് മത്സരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

കാൽമുട്ടിലെ പരിക്ക് കാരണം ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് എട്ടാഴ്ചയാണ് വിശ്രമം വേണ്ടി വരിക. ലോകകപ്പ് നടക്കുന്നതിന്റെ 10 നാൾ മുമ്പ് മാത്രമേ അദ്ദേഹത്തിന് കളത്തിലിറങ്ങാൻ കഴിയൂ എന്നത് ടൂർണമെന്റിനിറങ്ങുന്നതിന് പോഗ്ബക്കിന് വിലങ്ങ് തടിയാകും.

താരത്തെ മത്സരത്തിനിറക്കുന്നതിന് രണ്ടഭിപ്രായമുണ്ടെങ്കിലും പോഗ്ബയെ ഖത്തറിലേക്ക് കൊണ്ടുപോകാൻ തന്നെയാണ് ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാമിന്റെ തീരുമാനം.

യുവന്റസിലെ ആദ്യ കാലഘട്ടങ്ങളിൽ 124 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളാണ് പോഗ്ബ അടിച്ചു കൂട്ടിയത്.

Content Highlights: Paul Pogba talks up Jhuventus return

We use cookies to give you the best possible experience. Learn more