Advertisement
Football
ഫ്രാന്‍സിന്റെ പുലിക്കുട്ടി ഇനി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍!
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 25, 01:01 pm
Saturday, 25th June 2022, 6:31 pm

ഫുട്‌ബോള്‍ ലോകത്തെ നിലവിലെ ഏറ്റവും മികച്ച മധ്യനിരക്കാരിലൊരാളായ പോള്‍ പോഗ്ബയുടെ സഹോദരന്‍ ഫ്ളൊറന്റീന്‍ പോഗ്ബ ഐ.എസ്.എല്ലില്‍ അരങ്ങേറാനൊരുങ്ങുന്നു.

എ.ടി.കെ മോഹന്‍ ബഗാനിലേക്കാണ് താരമെത്തിയിരിക്കുന്നത്. ഫ്രാന്‍സിലെ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ എഫ്.സി സൊഷൂക്സില്‍ നിന്നാണ് ഫ്ളൊറന്റീന്‍ പോഗ്ബയെ എ.ടി.കെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്.

മുപ്പത്തിയൊന്നു വയസുള്ള പ്രതിരോധതാരത്തെ രണ്ടു വര്‍ഷത്തെ കരാറിലാണ് എ.ടി.കെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്. പോഗ്ബ ഫ്രാന്‍സ് ദേശീയ ടീമിനു വേണ്ടി കളിച്ച് ലോകകപ്പ് നേടിയിട്ടുള്ള താരാമാണെങ്കിലും ഫ്ളൊറന്റീനും മറ്റൊരു സഹോദരനായ മാത്തിയാസും ഗിനിയ ദേശീയ ടീമിനു വേണ്ടിയാണു കളിക്കുന്നത്. 2010 മുതല്‍ 30 മത്സരങ്ങളില്‍ താരം ഗിനിയ ടീമില്‍ കളിച്ചിട്ടുണ്ട്.

എന്നാല്‍ 2010ല്‍ ഫ്രാന്‍സിന്റെ അണ്ടര്‍-20 ടീമില്‍ താരം കളിച്ചിരുന്നു.

സെപ്തംബറില്‍ നടക്കാനിരിക്കുന്ന എ.എഫ്.സി കപ്പ് സെമി ഫൈനല്‍ പോരാട്ടത്തിനു മുന്നോടിയായി ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് പോഗ്ബയെ മോഹന്‍ ബഗാന്‍ ടീമിലെത്തിച്ചത്. ഗ്രൂപ്പ് മത്സരങ്ങളില്‍ സ്പാനിഷ് പ്രതിരോധതാരമായ തിരി പരിക്കു പറ്റി പുറത്തുപോയതും മറ്റൊരു പ്രതിരോധതാരത്തെ സ്വന്തമാക്കുന്നതിനു വേഗത കൂട്ടി.

മുമ്പ് ലീഗ് വണ്‍ ക്ലബായ സെയിന്റ് ഏറ്റിയെന്നെയില്‍ ആറു വര്‍ഷം കളിച്ച താരമാണ് ഫ്ളൊറന്റീന്‍ പോഗ്ബ. ആ സമയത്ത് ഒരു വര്‍ഷം ലീഗ് ടു ക്ലബ്ബായ സെഡാനില്‍ താരം ലോണിലും കളിച്ചിരുന്നു. 2018ല്‍ തുര്‍ക്കിഷ് ക്ലബ്ബായ ജെന്‍ക്ലെര്‍ബിര്‍ഗിലിക്കു വേണ്ടി കളിച്ചിരുന്ന താരം ഒരു മത്സരത്തിനിടെ സഹതാരങ്ങളോട് സംഘര്‍ഷമുണ്ടാക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

അതിനു ശേഷം ഒരു സീസണ്‍ എം.എല്‍.എസ് ക്ലബ്ബായ അറ്റ്‌ലാന്റ യുണൈറ്റഡിനു വേണ്ടി കളിച്ച താരം അവിടെ വെച്ച് യു.എസ് ഓപ്പണ്‍ കപ്പ്, ചാമ്പ്യന്‍സ് കപ്പ് എന്നിവ നേടിയിട്ടുണ്ട്. താരത്തിന്റെ ഫുട്‌ബോളിലെ ആദ്യത്തെ കിരീടങ്ങളായിരുന്നു അത്. പിന്നീട് സൊഷൂക്സിലെത്തിയ താരം രണ്ടു സീസണുകളിലായി 62 മത്സരങ്ങള്‍ അവര്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

പോള്‍ പോഗ്ബയുടെ മൂത്ത സഹോദരനാണ് ഫ്‌ലോറന്റീന്‍ പോഗ്ബ.

 

Content Highlights: Paul Pogba’s Brother Florentine Pogba is signed a contract with ATK Mohun Bagan