യുണൈറ്റഡിനോട് ബൈ ബൈ പറഞ്ഞ് പോഗ്ബ
Football
യുണൈറ്റഡിനോട് ബൈ ബൈ പറഞ്ഞ് പോഗ്ബ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st June 2022, 10:35 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മൊത്തത്തില്‍ കഷ്ടകാലമാണ്. യു.സി.എല്ലില്‍ അടുത്ത സീസണില്‍ ക്വാളിഫിക്കേഷന്‍ കിട്ടാത്തതും, പ്രിമീയല്‍ ലീഗിലെ മോശം പ്രകടനമെല്ലാം ടീമിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

ഇതിന് പുറമെയാണ് വര്‍ഷങ്ങളായി മാഞ്ചസ്റ്ററിന്റെ മധ്യനിരയിലെ സ്ഥിരസാന്നിധ്യമായ പോള്‍ പോഗ്ബ ടീം വിടുമെന്ന വാര്‍ത്തകള്‍ വരുന്നത്. ഈ മാസം അവസാനത്തോടെ താരം ക്ലബ്ബ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍

‘ജൂണ്‍ അവസാനത്തോടെ പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടും,’ ക്ലബ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

‘വെറും 16 വയസ്സില്‍ ലെ ഹാവ്രെയില്‍ നിന്ന് ക്ലബ്ബിന്റെ അക്കാദമിയില്‍ ചേര്‍ന്ന ഈ ഫ്രഞ്ച് താരത്തിന്റെ ബന്ധം യുണൈറ്റഡ് നന്നായി ആസ്വദിച്ചു. ക്ലബിലെ എല്ലാവരും പോഗ്ബയുടെ വിജയകരമായ കരിയറിനെ അഭിനന്ദിക്കുകയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നല്‍കിയ സംഭാവനകള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു. ശ്രദ്ധേയമായ അയാളുടെ കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് ഞങ്ങള്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു,’ ക്ലബ്ബ് കൂട്ടിച്ചര്‍ത്തു.

 

അതേസമയം ക്ലബ്ബിനും ആരാധകര്‍ക്കും നന്ദി അറിയിച്ചകൊണ്ട് പോഗ്ബ ട്വീറ്റ് ചെയതിട്ടുണ്ട്. യുണൈറ്റഡില്‍ കളിക്കാന്‍ സാധിച്ചത് ഒരു പ്രിവിലേജാണെന്നും, സപ്പോര്‍ട്ട് ചെയ്ത ആരാധകര്‍ക്കും ക്ലബ്ബിനും ഒരുപാട് നന്ദിയെന്നും പോഗ്ബ പറഞ്ഞു.

2016ലായിരുന്നു യുവന്റസില്‍ നിന്നും പോഗ്ബ തിരിച്ച് യുണൈറ്റഡിലേക്കെത്തിയത്. തിരിച്ച് വന്ന ആദ്യ സീസണില്‍ തന്നെ മൂന്ന് ട്രോഫികള്‍ നേടാന്‍ താരത്തിനായിരുന്നു. എന്നാല്‍ യുണൈറ്റഡിലേക്കുള്ള മടങ്ങിവരവിലുടനീളം സ്ഥിരത കണ്ടെത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അവസാന സീസണില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ പോഗ്ബയെ തേടിയെത്തിയിരുന്നു.

നോര്‍വിച്ച് സിറ്റിക്കും, ലിവര്‍പൂളിനും എതിരായ അവസാന രണ്ട് മത്സരങ്ങളില്‍ താരത്തെ യുണൈറ്റഡിന്റെ ആരാധകര്‍ തന്നെ കൂവിയിരുന്നു. പോഗ്ബ തിരിച്ച് യുവന്റസിലേക്ക് തന്നെയാണ് തിരിച്ചുപോകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതിനെ കുറിച്ച് താരം ഒന്നും വ്യക്തമാക്കിയിട്ടില്ല.

2021/22 സീസണില്‍ പ്രിമീയര്‍ ലീഗില്‍ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയത് പോഗ്ബയാണ് 9 അസിസ്റ്റാണ് പോഗ്ബ യുണൈറ്റഡിനായി നേടിയത്. ഇതില്‍ നാല് അസിസ്റ്റുകള്‍ നേടിയത് ലീഡ്‌സിനെതിരെയുള്ള ആദ്യ മത്സരത്തിലാണ്.

യുണൈറ്റഡിനായി 224 മത്സരങ്ങളില്‍ നിന്നും 40 ഗോളുകളും 38 പ്രിമിയല്‍ ലീഗ് അസിസ്റ്റും രണ്ട് കിരീടങ്ങളും പോഗ്ബ നേടിയിട്ടുണ്ട്.

Content Highlights: Paul Pogba will leave  united in this summer