Football
ലോകകപ്പ് അടുത്തിരിക്കെ ഫ്രാന്‍സിന് തിരിച്ചടി; സൂപ്പര്‍താരത്തിന് പരിക്ക്, കളിക്കുമോ എന്ന് സംശയം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 28, 03:34 pm
Thursday, 28th July 2022, 9:04 pm

 

ഈ വര്‍ഷം അവസാനം അരങ്ങേറുന്ന ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ആരാധകരും ടീമുകളും. ഖത്തറില്‍ അരങ്ങേറുന്ന ലോകകപ്പില്‍ എല്ലാ ടീമുകളും തമ്മില്‍ മികച്ച പോരാട്ടം നടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഇത്തവണയും ഒരുപാട് പ്രതീക്ഷയുള്ള ടീമാണ്. മികച്ച മുന്നേറ്റ നിരയും അതിനൊത്ത മധ്യ നിരയും ഡിഫന്‍സ് നിരയുമുള്ള ഫ്രാന്‍സ് നിലവിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് എന്ന് നിസംശയം പറയാന്‍ സാധിക്കും.

എന്നാല്‍ ഫ്രഞ്ച് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയല്ല ഇപ്പോള്‍ വരുന്നത്. ടീമിന്റെ പ്രാധാന താരമായ മധ്യ നിരക്കാരന്‍ പോള്‍ പോഗ്ബയ്ക്ക് പരിക്കേറ്റെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന്റെ ലോകകപ്പ് നഷ്ടമാകുമെന്നാണ് വാരത്തകള്‍. ഇറ്റാലിയന്‍ മാധ്യമമായ ലാ ഗസട്ടെ സ്പോര്‍ട്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും ദിവസം മുമ്പായിരുന്നു പരിശീലനത്തിനിടെ പോഗ്ബക്ക് പരിക്കേറ്റത്.

എന്നാല്‍ അന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ലെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ ഫ്രഞ്ച് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് യുവന്റസിന്റെ മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവന്റസ് മെഡിക്കല്‍ ഡിപ്പാര്‍ട്ട് പോഗ്ബക്ക് ഓപറേഷന്‍ വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

പരിക്ക് പൂര്‍ണമായും ഭേദമാകണമെങ്കില്‍ മൂന്ന് മാസമെങ്കിലും വിശ്രമം വേണ്ടിവരും. അതിനാല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് നിലവിലെ ലോകകപ്പ് ജേതാവും ഫ്രഞ്ച് താരവുമായ പോഗ്ബക്ക് നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏറെ കാലമായി പരിക്ക് വേട്ടയാടിയിരുന്ന 29 കാരനായ താരം അടുത്തിടെയായിരുന്നു ഫ്രീ ട്രാന്‍സ്ഫറില്‍ യുവന്റസിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു താരം യുവന്റസിലേക്ക് കൂടുമാറിയത്.

കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും ഏറെക്കാലം പുറത്തായിരുന്നു പോഗ്ബ. മൂന്ന് മാസം വിശ്രമം അനുവാര്യമായതോടെ സീരീ-എയുടെ തുടക്കത്തിലെ മത്സരങ്ങളും പോഗ്ബക്ക് നഷ്ടപ്പെടും. ഇത് രണ്ടാം തവണയാണ് പോഗ്ബ യുവന്റസിലെത്തുന്നത്. നേരത്തെ യുവന്റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ താരം രണ്ടാം തവണയാണ് യുണൈറ്റഡ് വിടുന്നതും. യുണൈറ്റഡ് ക്ലബില്‍ തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും താരം യുവന്റസിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു.

Content Highlights: Paul Pogba is Injured and likesly to miss the Worldcup