പോള്‍ പോഗ്ബക്ക് നാല് വര്‍ഷം വിലക്ക്; ഞെട്ടിത്തരിച്ച് ഫുട്‌ബോള്‍ ലോകം
Sports News
പോള്‍ പോഗ്ബക്ക് നാല് വര്‍ഷം വിലക്ക്; ഞെട്ടിത്തരിച്ച് ഫുട്‌ബോള്‍ ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th February 2024, 10:00 pm

ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന കുറ്റത്തിന് ഫുട്‌ബോളില്‍ നിന്ന് നാല് വര്‍ഷത്തെ വിലക്കിന് വിധേയമായിരിക്കുകയാണ് ഫ്രാന്‍സിന്റെ മധ്യനിര താരം പോള്‍ പോഗ്ബ. ഞെട്ടലോടെയാണ് താരവും ഫുട്‌ബോള്‍ ലോകവും ഈ വിവരം അറിഞ്ഞത്.

ഒക്ടോബറില്‍ ഒരു ബി സാമ്പിള്‍ പോസിറ്റീവ് ഫലം വന്നതോടെയാണ് 30 കാരനായ താരത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്‍ നാലുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് താരത്തിന് ഒരു മത്സരത്തിലും പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് സൂചന.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഇറ്റലിയുടെ ദേശീയ ഉത്തേജക വിരുദ്ധ സംഘടനയായ നാടോ ഇറ്റാലിയ താരത്തെ താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോഗ്ബയുടെ മയക്കുമരുന്ന് പരിശോധനയില്‍ ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നത്.

2023 ഓഗസ്റ്റ് 20ന് യുവന്റസ് സീസണിലെ ആദ്യ മത്സരത്തിനു ശേഷം താരം ടെസ്റ്റോസ്റ്റിറോണ്‍ ക്രമരഹിതമായി ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പരിശോധനയില്‍ എന്‍ഡോ ജനസ് അല്ലാത്ത ടെസ്റ്റോസ്റ്റിറോണ്‍ മെറ്റാബോളിറ്റുകളുടെ സാന്നിധ്യത്തെ തുടര്‍ന്നാണ് താരത്തെ പുറത്താക്കിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും 2022ല്‍ നാല് വര്‍ഷത്തെ കരാറില്‍ യുവന്റസിലേക്ക് പോഗ്ബ വന്നിരുന്നു. 2012 മുതല്‍ 2016 വരെ താരം 178 മത്സരങ്ങളില്‍ നിന്നും 34 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

2018ലെ വേള്‍ഡ് കപ്പ് ജേതാവായ താരത്തിന് പരിക്ക് മൂലം ഒരുപാട് മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇത് അടുത്തിടെ ഖത്തറില്‍ നടന്ന ലോകകപ്പില്‍ നിന്ന് താരം പുറത്താക്കുന്നതിന് കാരണമായി.

 

Content Highlight: Paul Pogba banned for four years