ആ കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ പോലും പറ്റില്ല, ഒരുപാട് താരങ്ങളെ കണ്ടിട്ടുണ്ട്, എന്നാല്‍ റൊണാള്‍ഡോയെ പോലെ ഒരാളെ കണ്ടിട്ടില്ല; തുറന്നടിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം
Sports News
ആ കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ പോലും പറ്റില്ല, ഒരുപാട് താരങ്ങളെ കണ്ടിട്ടുണ്ട്, എന്നാല്‍ റൊണാള്‍ഡോയെ പോലെ ഒരാളെ കണ്ടിട്ടില്ല; തുറന്നടിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th December 2022, 8:28 am

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റിയാനോക്കൊപ്പം പന്ത് തട്ടിയ താരമായിരുന്നു ഫ്രഞ്ച് ഇന്റര്‍നാഷണല്‍ പോള്‍ പോഗ്ബ. റൊണാള്‍ഡോയെ പോലെ തന്നെ രണ്ട് തവണ മാഞ്ചസ്റ്ററില്‍ കളിച്ച താരം കൂടിയാണ് പോഗ്ബ. ഇതുമാത്രമല്ല, റൊണോയെ പോലെ യുവന്റസിനെയും പോഗ്ബ പ്രതിനിധീകരിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം സീരി എയില്‍ കളിച്ച പോര്‍ച്ചുഗല്‍ ഐക്കണ്‍ 2021ലായിരുന്നു തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്ററിലേക്ക് മടങ്ങിയത്.

2021-22 ക്യാമ്പെയ്‌നിടെയായിരുന്നു റൊണാള്‍ഡോയും പോഗ്ബയും ഒരുമിച്ച് മൈതാനത്തെത്തിയത്. 20 മത്സരങ്ങളില്‍ മാത്രമാണ് ഇരുവരും ഒരുമിച്ച് മാഞ്ചസ്റ്ററിന് വേണ്ട് പന്ത് തട്ടിയത്. ഇരുവരും ഒന്നിച്ചുള്ള ഏക സീസണും അത് മാത്രമായിരുന്നു.

എന്നാല്‍ സ്‌പോര്‍ട്‌സിനോടുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷനും ഫുട്‌ബോളിനോടുള്ള താരത്തിന്റെ ആറ്റിറ്റിയൂഡും വ്യക്തമാകാന്‍ ഫ്രഞ്ച് ഇന്റര്‍നാഷണലിന് ആ ഒറ്റ സീസണ്‍ തന്നെ ധാരാളമായിരുന്നു.

റൊണാള്‍ഡോയുടെ അച്ചടക്കം വിശ്വസിക്കാന്‍ പോലും പറ്റാത്തതാണെന്നും ഇത്തരത്തിലൊന്ന് മറ്റൊരു താരത്തിലും താന്‍ കണ്ടിട്ടില്ല എന്നും പോഗ്ബ പറയുന്നു.

ഫീല്‍ഡ് ഓഫ് സ്‌പോര്ട്‌സിനോടായിരുന്നു പോഗ്ബ ഇക്കാര്യം പറഞ്ഞത്.

‘റൊണാള്‍ഡോയുടെ ഡിസിപ്ലിന്‍ വിശ്വസിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ളതാണ്. ഞാന്‍ ഒരിക്കലും ഇതുപോലൊന്ന് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഡിസിപ്ലിന്‍ മറ്റൊരു ലെവലിലുള്ളതാണ്.

ഞാന്‍ ഒരുപാട് താരങ്ങളെ കണ്ടിട്ടുണ്ട്, നിരവധി പ്രൊഫഷണല്‍ താരങ്ങളെയും കണ്ടിട്ടുണ്ട്. അവര്‍ വളരെ പ്രോഫഷണലാണ്. നേരത്തെ എത്തുന്നു അവര്‍ക്ക് വേണ്ട പരിശീലനങ്ങളും മറ്റും ചെയ്യുന്നു.

എന്നാല്‍ എല്ലാ ദിവസവും ഇക്കാര്യം മുടങ്ങാതെ ചെയ്യുന്ന ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് റൊണാള്‍ഡോയാണ്. എല്ലാ ദിവസവും അദ്ദേഹം അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ചിലപ്പോഴെങ്കിലും പല താരങ്ങള്‍ കരുതും ഇന്ന് ഒരു ദിവസം പരിശീലിക്കേണ്ട എന്ന്, എന്നാല്‍ റൊണാള്‍ഡോ അങ്ങനെയല്ല. അദ്ദേഹം ഒരു ദിവസം പോലും മിസ് ചെയ്യാറില്ല,’ പോഗ്ബ പറയുന്നു.

 

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ ബോസ് എറിക് ടെന്‍ ഹാഗുമായി കൊരുത്തതിന് പിന്നാലെ റൊണാള്‍ഡോയുടെ കളിക്കളത്തിലെ അച്ചടക്കവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ടോട്ടന്‍ഹാമിനെതിരായ മത്സരത്തിന് മുമ്പ് സ്റ്റേഡിയം വിട്ടുപോയതടക്കമുള്ള കാര്യങ്ങള്‍ താരത്തിനെതിരെ വിമര്‍ശനങ്ങളുയരാനുള്ള കാരണമായിരുന്നു.

നിലവില്‍ മാഞ്ചസ്റ്ററിനോട് ഗുഡ് ബൈ പറഞ്ഞ റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നാസറുമായി കരാറില്‍ ഏര്‍പ്പെടുമെന്നാണ് സൂചന.

 

Content Highlight: Paul Pogba about Cristiano Ronaldo