മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റാസ്മസ് ഹോജ്‌ലണ്ടിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍ പോള്‍ പാക്കര്‍. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റൊണാള്‍ഡോയെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ടായിരുന്നു പാര്‍ക്കറുടെ പ്രതികരണം.
റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നേരിട്ട പ്രശ്‌നങ്ങളില്‍ പ്രതികരിച്ച പോലെ ഹോജ്‌ലണ്ട് ടീമിനെതിരെ പ്രതികരിച്ചില്ലെന്നാണ് പാര്‍ക്കര്‍ പറഞ്ഞത്.
‘എല്ലാവരും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും റാസ്മസ് ഹോജ്‌ലണ്ടിനേയും വെറുക്കുന്നു. കാരണം ആരും ഇഷ്ടപ്പെടാത്ത ഒരു വലിയ ക്ലബ്ബില്‍ കളിക്കുമ്പോള്‍ അവന്‍ പരാജയപ്പെടുമ്പോള്‍ ധാരാളം വിമര്‍ശനങ്ങള്‍ വരും. എന്നാല്‍ യുണൈറ്റഡിന്റെ ആരാധകര്‍ എല്ലായ്പ്പോഴും അവനെ വളരെ നന്നായി പിന്തുണച്ചിട്ടുണ്ട്,’ പോള്‍ പാര്‍ക്കര്‍ ടിപ്‌സ്ബ്ലാഡെറ്റുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ പ്രശ്‌നങ്ങള്‍ക്കെതിരെ റൊണാള്‍ഡോ പ്രതികരിച്ചത് പോലെ ഹോജ്‌ലണ്ട് ചെയ്തില്ലെന്നും പാര്‍ക്കര്‍ പറഞ്ഞു.
‘കളിക്കളത്തില്‍ ഗോളുകള്‍ കണ്ടെത്താന്‍ മികച്ച സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഹോജ്‌ലണ്ടിന്റെ സഹതാരങ്ങള്‍ അവനെ കൃത്യമായി പിന്തുണച്ചില്ല എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഇതിന്റെ നിരാശാ അവൻ ഒരിക്കലും കളിക്കളത്തില്‍ കാണിക്കുന്നില്ല.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോ പ്രതികരിച്ചത് പോലെ അവന്‍ പെരുമാറിയില്ല. അവനിപ്പോള്‍ അല്പം ബുദ്ധിമുട്ടുള്ള സമയങ്ങളിലാണ് കളിക്കുന്നത്. വിമര്‍ശിക്കുന്നവര്‍ ഒരിക്കലും നിശബ്ദരായിരിക്കില്ല അവര്‍ എപ്പോഴും വിമര്‍ശിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ അവന്‍ സ്ഥിരതയോടെ മികച്ച പ്രകടനങ്ങള്‍ കളിക്കളത്തില്‍ പുറത്തെടുക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ പോള്‍ കൂട്ടിച്ചേര്‍ത്തു.
ഈ സീസണില്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്‌ലാന്‍ഡയില്‍ നിന്നും 72 മില്യണ്‍ തുകയ്ക്കാണ് റാസ്മസ് ഹോജ്‌ലണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. താരം ചാമ്പ്യന്‍സ് ലീഗില്‍ റെഡ് ഡെവിള്‍സിന് വേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടി മികച്ച പ്രകടം നടത്തുമ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ കളിത്തട്ടില്‍ ഗോള്‍ നേടാന്‍ റാസ്മസിന് സാധിച്ചിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയഗോള്‍ നേടാന്‍ ഹോജ്‌ലണ്ടിന് സാധിച്ചിരുന്നു. താരത്തിന്റെ ഈ സ്‌കോറിങ് മികവ് വരും മത്സരങ്ങളില്‍ ഉണ്ടാവും എന്ന പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.
Content Highlight: Paul Parker talks about rasmus hojlund.