|

റൊണാള്‍ഡോ പുറത്തായതിന് പകരക്കാരന്റെ നേര്‍ക്ക് ചെളിയെറിയുന്നതെന്തിന്? മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പകരം ക്ലബ്ബിലെത്തിയ താരമാണ് നെതര്‍ലന്‍ഡ്‌സിന്റെ വൂട്ട് വെഗോസ്റ്റ്.

വെഗോസ്റ്റ് യുണൈറ്റഡില്‍ എത്തിയതിന് ശേഷം റൊണാള്‍ഡോ ആരാധകര്‍ താരത്തെ വിമര്‍ശിക്കുകയാണെന്നും അത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ പോള്‍ പാര്‍ക്കര്‍.

‘എനിക്ക് തോന്നുന്നു ആളുകള്‍ വളരെ ഹാര്‍ഷ് ആയിട്ടാണ് വൂട്ട് വെഗോസ്റ്റിനോട് പെരുമാറുന്നതെന്ന്. അവന്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഇപ്പോള്‍ തന്നെ അവനെ വിലയിരുത്താന്‍ ആയിട്ടില്ല.

റൊണാള്‍ഡോ മികച്ച കളിക്കാരനായിരുന്നു. പക്ഷേ വെഗോസ്റ്റ് വ്യത്യസ്തമായ ചില വാഗ്ദാനങ്ങള്‍ നല്‍കുന്ന താരമാണ്. അവന്‍ നല്ല കഠിനാധ്വാനം ചെയത് ടീമിന്റെ പുരോഗതിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്.

റൊണാള്‍ഡോ ആരാധകര്‍ വെഗോസ്റ്റിന്റെ നേര്‍ക്ക് ചെളിയെറിയുകയാണ്. അത് അപമാനകരമാണ്. ക്ലബ്ബ് മെച്ചപ്പെടുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. അല്ലാതെ മറ്റൊരു ക്ലബ്ബിലേക്ക് പോയ തങ്ങളുടെ ഹീറോയെ കുറിച്ച് ചിന്തിച്ചിരിക്കുകയല്ല,’ പാര്‍ക്കര്‍ പറഞ്ഞു.

അതേസമയം, ഇ.എഫ്.എല്‍ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചിരുന്നു. ആദ്യപാദ സെമിയില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. മാര്‍ക്കസ് റാഷ്ഫോര്‍ഡ്, വൂട്ട് വെഗോസ്റ്റ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. വെഗോസ്റ്റിന്റെ യുണൈറ്റഡ് ജേഴ്സിയിലെ ആദ്യ ഗോളാണ് ഇത്. രണ്ടാം പാദം ഫെബ്രുവരി ഒന്നിന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും.

Content Highlights: Paul Parker taling about Wout Weghorst and Cristiano Ronaldo