മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും ഇതിഹാസ പരിശീലകനാണ് സർ അലക്സ് ഫെർഗൂസൻ. ക്ലബ്ബിനെ അതിന്റെ ഉയർച്ചയുടെ അത്യുന്നതങ്ങളിലേക്ക് കൈ പിടിച്ച് നടത്തിയത് ഫെർഗൂസനാണ്. ഫെർഗൂസന്റെ കീഴിലാണ് ഏത് ക്ലബ്ബും ഏറ്റുമുട്ടാൻ ഭയക്കുന്ന വമ്പൻമാരായി മാൻ യുണൈറ്റഡ് പരുവപ്പെട്ടത്.
എന്നാൽ അലക്സ് ഫെർഗൂസൻ ക്ലബ്ബിൽ മാനേജരായി ചുമതലയേറ്റതിന് പിന്നാലെ തന്നോട് കളിയിൽ നിന്നും വിരമിക്കാൻ ആവശ്യപ്പെട്ടെന്നും അതിനായി പണം വാഗ്ദാനം ചെയ്തെന്നും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ മാൻ യുണൈറ്റഡ് താരമായ പോൾ മഗ്രാത്ത്.
1982ൽ ഓൾഡ് ട്രാഫോർഡിൽ എത്തിയ മഗ്രാത്ത്, ക്ലബ്ബിനായി 69 മത്സരങ്ങൾ കളിച്ച് എഫ്.എ കപ്പ് അടക്കം സ്വന്തമാക്കിയിരുന്നു.
എന്നാൽ പിന്നീട് അമിതമായ മദ്യപാനത്തിലേക്ക് കടന്നതാണ് മഗ്രാത്തിനെ ഫെർഗൂസന്റെ കണ്ണിലെ കരടാക്കിയത്.
ക്ലബ്ബിലും കളിക്കാർക്കുമിടയിൽ അച്ചടക്കം നിലനിർത്തുന്നതിന്റെ ഭാഗമായി 1986ലാണ് ഫുട്ബോളിൽ നിന്നും വിരമിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടാൽ 10,0000 പൗണ്ട് പകരം നൽകാമെന്ന് ഫെർഗൂസൻ പോൾ മഗ്രാത്തിനോട് ആവശ്യപ്പെട്ടത്.
ടെലഗ്രാഫിനോട് സംസാരിക്കവെയാണ് ഫെർഗൂസനെ സംബന്ധിച്ചുള്ള തന്റെ അനുഭവങ്ങൾ മഗ്രാത്ത് തുറന്ന് പറഞ്ഞത്.
“സർ അലക്സ് ഫെർഗൂസൻ എന്നെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി, എന്നിട്ട് അവർക്ക് ഞാൻ ഫുട്ബോൾ കളി നിർത്തണമെന്ന് ആഗ്രഹമുണ്ടെന്നും അതിന് സമ്മതമെങ്കിൽ 10,0000 പൗണ്ട് നൽകാമെന്നും പറഞ്ഞു. പണം വാങ്ങി ഫുട്ബോൾ ഉപേക്ഷിച്ച് ഞാൻ അയർലണ്ടിലേക്ക് മടങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം,’ പോൾ മഗ്രാത്ത് പറഞ്ഞു.
“അദ്ദേഹം വാഗ്ദാനം ചെയ്ത തുക വളരെ വലുതായിരുന്നു. അതും വാങ്ങി കളിക്കളം വിട്ടാലോ എന്നായിരുന്നു എന്റെ ആദ്യ ചിന്ത.
പക്ഷെ പിന്നീട് ടീമിലുള്ള കെവിൻ മോറനോടും ബ്രയാൻ റോബ്സണോടും സംസാരിച്ച ശേഷം ക്ലബ്ബിൽ തുടരാമെന്ന് തന്നെ ഞാൻ തീരുമാനിച്ചു. കാരണം ഫുട്ബോളിൽ അപ്പോഴും എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന ബോധ്യം എനിക്കുണ്ടായിരുന്നു,’ മഗ്രാത്ത് കൂട്ടിച്ചേർത്തു.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും രണ്ട് ലീഗ് കപ്പ് നേടിയ ശേഷം 1989ലാണ് മഗ്രാത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ആസ്റ്റൺ വില്ലയിലേക്ക് കൂട് മാറുന്നത്.
നിലവിൽ 26 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളുമായി 50 പോയിന്റോടെ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ് ചുവന്ന ചെകുത്തൻമാർ.