മെസിയൊന്നും ഒരിക്കലും ഇങ്ങനെ ചെയ്യില്ല; എന്റെ കാലത്തായിരുന്നെങ്കില്‍ അവനെ ഡ്രസിങ് റൂമില്‍ അടുപ്പിക്കില്ലായിരുന്നു; റോണോക്കെതിരെ ആഞ്ഞടിച്ച് മുന്‍ താരം
Football
മെസിയൊന്നും ഒരിക്കലും ഇങ്ങനെ ചെയ്യില്ല; എന്റെ കാലത്തായിരുന്നെങ്കില്‍ അവനെ ഡ്രസിങ് റൂമില്‍ അടുപ്പിക്കില്ലായിരുന്നു; റോണോക്കെതിരെ ആഞ്ഞടിച്ച് മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th August 2022, 11:57 am

ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളാണ് ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമാണ് അദ്ദേഹം. എന്നാല്‍ ടീമില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ റോണോ മറ്റു ക്ലബ്ബുകള്‍ അന്വേഷിച്ചിരുന്നു.

യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ സാധിക്കില്ല എന്ന കാരണത്തലാണ് റോണോ മറ്റു ക്ലബ്ബുകള്‍ നോക്കിയത്. എന്നാല്‍ അദ്ദേഹത്തെ ഏറ്റെടുക്കാന്‍ മറ്റു ക്ലബ്ബുകളൊന്നും അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് റോണോ യുണൈറ്റഡില്‍ തന്നെ തുടരുകയായിരുന്നു.

എന്നാല്‍ റോണോയുടെ ഈ സ്വഭാവം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നാണ് മുന്‍ യുണൈറ്റഡ് ഇതിഹാസമായ പോള്‍ ഇന്‍സെയുടെ അഭിപ്രായം. റോണോ എത്രയും പെട്ടെന്ന് തന്നെ യുണൈറ്റഡ് വിട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

റൊണാള്‍ഡൊയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ മറ്റ് യുണൈറ്റഡ് ടീമിന്റെ ശ്രദ്ധ തെറ്റിച്ചെന്ന് ഇന്‍സെ വിശ്വസിക്കുന്നു. തന്റെ മുന്‍ യുണൈറ്റഡ് ടീമംഗങ്ങള്‍ ഇത്തരം പെരുമാറ്റം അംഗീകരിക്കില്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘റൊണാള്‍ഡൊ മാന്‍ യുണൈറ്റഡ് വിടണം. ഞാന്‍, റോയ് കീന്‍, സ്റ്റീവ് ബ്രൂസ് എന്നിവരോടൊപ്പം കളിക്കുമ്പോള്‍ അവന്‍ യുണൈറ്റഡ് ഡ്രസിങ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍, ഞങ്ങള്‍ അവനോടൊപ്പം റൂമില്‍ നില്‍ക്കില്ല. അവന് ടീമിനുള്ളില്‍ ഒരു റെസ്‌പെക്റ്റും ലഭിക്കില്ലായിരുന്നു,’ ഇന്‍സെ പറഞ്ഞു.

ലിവര്‍പൂളിനെതിരെ റോണോയെ കളിപ്പിക്കാത്തത് നന്നായെന്നും അദ്ദേഹമില്ലാതെയും ഫുട്‌ബോളുണ്ടെന്ന് എല്ലാവരും മനസിലാക്കണമെന്നും ഇന്‍സെ പറയുന്നു.

‘റൊണാള്‍ഡോയെ ലിവര്‍പൂളിനെതിരെ ആദ്യ ഇലവനില്‍ നിന്ന് പുറത്താക്കിയത് വളരെ പ്രധാനമായിരുന്നു, കാരണം റൊണാള്‍ഡൊ ഇല്ലാതെ ഫുട്‌ബോള്‍ ഉണ്ടാകുമെന്ന് ആളുകളെ തെളിയിക്കുന്നതാണിത്. റൊണാള്‍ഡൊ കാരണം യുണൈറ്റഡിലെ എല്ലാവരുടെയും ശ്രദ്ധ തിരിയുന്നുണ്ട്. ലയണല്‍ മെസി റോണോ കാണിക്കുന്നത് പോലെ ഒരിക്കലും മെസി ചെയ്യുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ ഇതുവരെ മൂന്ന് മത്സരത്തില്‍ കളത്തിലിറങ്ങിയ യുണൈറ്റഡ് രണ്ട് തോല്‍വിയും ഒരു ജയവും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight:  Paul Ince says Ronaldo is a distraction to other Manchester United players