ഐ.പി.എല്ലില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് മോശമല്ലാത്ത രീതിയില്‍ തങ്ങളുടെ ക്യാമ്പെയ്‌നുമായി മുന്നോട്ട് കുതിക്കുകയാണ്. നിലവില്‍ അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി ആറ് പോയിന്റോടെ നാലാം സ്ഥാനത്താണ് ടൈറ്റന്‍സ്.
ടീം മോശമല്ലാത്ത രീതിയില്‍ പ്രകടനം കാഴ്ചവെക്കുമ്പോഴും ക്യാപ്റ്റന്റെ റോളില്‍ തിളങ്ങാന്‍ ഹര്‍ദിക് പാണ്ഡ്യക്ക് സാധിക്കുന്നില്ല എന്നതാണ് ടീമിനെ കുഴപ്പിക്കുന്നത്.. ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ ചാമ്പ്യന്‍മാരാക്കിയ ആ മികവ് ഈ സീസണില്‍ ഹര്‍ദിക്കിന് ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.
എന്നിരുന്നാലും താരകത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരവും കോച്ചുമായ പോള്‍ കോളിങ്‌വുഡ്.
താന്‍ ഇംഗ്ലണ്ടിന്റെ പിരീശീലകനായിരുന്ന സമയത്ത് ഹര്‍ദിക് ഒരുപാട് വെല്ലുവളികളും തലവേദനയും സൃഷ്ടിച്ചിരുന്നുവെന്ന് പറഞ്ഞ കോളിങ്‌വുഡ്, ഏത് മത്സരത്തെയും ഒറ്റയ്ക്ക് തിരിക്കാന്‍ കഴിവുള്ള താരമാണ് ഹര്‍ദിക്കെന്നും പറഞ്ഞു.
‘ഹര്‍ദിക് പാണ്ഡ്യ ശരിക്കും ഒരു റോക്ക് സ്റ്റാറാണ്. അവന്‍ ടീമിനെ മുന്നില്‍ നിന്നും നയിക്കുന്നു. ഞാന്‍ ഇംഗ്ലണ്ടിന്റെ കോച്ചായിരിക്കെ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അവനാണ് എനിക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ചത്.
ഒറ്റയ്ക്ക് ഒരു മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാന്‍ സാധിക്കുന്ന താരമാണവന്‍. അതുകൊണ്ട് തന്നെ ഏതൊരു ടീമിനും അവന്‍ ഭീഷണി തന്നെയാണ്,’ കോളിങ്‌വുഡ് പറഞ്ഞു.
എന്നാല്‍ ഈ സീസണില്‍ താരത്തിന് വേണ്ട പോലെ ശോഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നാല് മത്സരത്തില്‍ നിന്നും 49 റണ്‍സ് മാത്രമാണ് താരം ഇതുവരെ നേടിയത്. 12.25 എന്ന ആവറേജിലും 108.89 എന്ന സ്‌ട്രൈക്ക് റേറ്റിലും റണ്‍സ് നേടുന്ന ഹര്‍ദിക്കിന്റെ മികച്ച സ്‌കോര്‍ 28 ആണ്.
ബൗളിങ്ങിലും തിളങ്ങാന്‍ താരത്തിനായിട്ടില്ല. നാല് മത്സരത്തില്‍ നിന്നും പത്ത് ഓവര്‍ പന്തെറിഞ്ഞ് 70 റണ്‍സാണ് താരം വഴങ്ങിയത്. ഒറ്റ വിക്കറ്റ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
Content Highlight: Paul Collingwood about Hardik Pandya