കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ത്തു. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണേയും കേസില്‍ പ്രതിയാക്കി.
ലോകായുക്തയുടെ പരിഗണനയിലും ഉള്ള കേസായതിനാല്‍ വിജിലന്‍സിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തടസമില്ലെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്‌ലാറ്റ് നിര്‍മാണത്തിനായി ചട്ടവിരുദ്ധമായി കൈമാറിയെന്നാണ് ആരോപണം. ഉമ്മന്‍ചാണ്ടി, ഭരത് ഭൂഷണ്‍, കമ്പനി ഉടമ എന്നിവരെ പ്രതികളാക്കി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. സമാനമായ പരാതി ലോകായുക്തയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരായി അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചത്.
കയ്യേറ്റം സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിയില്‍ നിന്നും ഇത്തരത്തില്‍ വിമര്‍ശനം വന്നതോടെ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയിരുന്നു. കേസ് എടുക്കാമെന്ന് നേരത്തെ അഡ്വക്കേറ്റ് ജനറലും വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയിരുന്നു.
Dont Miss കൂവത്തൂരിലെ റിസോര്‍ട്ട് പൂട്ടി; അറ്റകുറ്റപ്പണിക്കെന്ന് വിശദീകരണം
പാറ്റൂരില്‍ 31 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കൈയേറി ഫ്‌ലാറ്റ് നിര്‍മ്മിച്ചു എന്നാണ് ആരോപണം. ഇതില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടറിന് ലഭിച്ചിരുന്നു.
എന്നാല്‍ സമാനകേസ് ലോകായുക്തയുടെ പരിഗണനിയിലാണെന്ന് ചൂണ്ടികാട്ടി വിജിലന്‍സ് തുടര്‍നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. വിജിലന്‍സ് നടത്തിയ രഹസ്യപരിശോധനയില്‍ പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായും കണ്ടെത്തിയിരുന്നു.