| Friday, 9th February 2018, 3:00 pm

ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍കേസ് ഹൈക്കോടതി റദ്ദാക്കി; ലോകായുക്തക്ക് നടപടി തുടരാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. കൂടാതെ വിജിലന്‍സ് അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

ആകെ അഞ്ച് പ്രതികളുള്ള കേസില്‍ നാലാം പ്രതിയായിരുന്നു ഉമ്മന്‍ ചാണ്ടി. ഭരത്ഭൂഷണ്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതികളായിരുന്നു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ വിജിലന്‍സ് അന്വേഷണം ഇതോടെ ഇല്ലാതായി. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഈ കേസിലുള്‍പ്പെട്ട ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ക്രമക്കേടുണ്ടെന്ന് മുമ്പ് ലോകായുക്തയില്‍ ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ ജേക്കബ് തോമസിനോടു വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് നേരിട്ട് ഹാജരായ ജേക്കബ് തോമസ് സെറ്റില്‍മെന്റ് രജിസ്റ്ററിലല്ല, അനുബന്ധ രേഖകളിലാണ് ക്രമക്കേടെന്ന് അഭിപ്രായപ്പെട്ടിരുന്നു.

പാറ്റൂരില്‍ സ്വകാര്യ ബില്‍ഡറെ സഹായിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതിലൂടെ 12.75 സെന്റ് സര്‍ക്കാര്‍ ഭൂമി നഷ്ടമായെന്നാണ് കേസ്.

അതേസമയം പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്നതിന് ലോകായുക്തയ്ക്ക് നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി തത്കാലം കോടതിയലക്ഷ്യ നടപടികളിലേക്ക് പോകുന്നില്ലെന്നും വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more