'പട്ടരുടെ മട്ടണ്‍ കറി' എന്ന പേര് ബ്രാഹ്മണരെ അപമാനിക്കുന്നത്; സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ബ്രാഹ്മണ സഭ
Kerala News
'പട്ടരുടെ മട്ടണ്‍ കറി' എന്ന പേര് ബ്രാഹ്മണരെ അപമാനിക്കുന്നത്; സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ബ്രാഹ്മണ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th March 2021, 12:42 pm

‘പട്ടരുടെ മട്ടന്‍ കറി’ എന്ന മലയാള ചിത്രത്തിനെതിരെ പരാതിയുമായി ഓള്‍ കേരള ബ്രാഹ്മിണ്‍സ് അസോസിയേഷന്‍. ചിത്രത്തിന്റെ പേര് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാല്‍ സിനിമയുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് സിനിമയുടെ പേര് പിന്‍വലിച്ചെന്ന് സംവിധായകന്‍ അര്‍ജുന്‍ ബാബു പറഞ്ഞതായി കേരള ബ്രാഹ്മണ സഭ സെക്രട്ടറി എന്‍. വി ശിവരാമകൃഷ്ണന്‍ പറഞ്ഞു.

‘പട്ടരുടെ മട്ടണ്‍ കറി’ എന്ന പേര് ഇട്ടതില്‍ ബ്രാഹ്മണ കൂട്ടായ്മയ്ക്കിടയില്‍ പ്രതിഷേധമുണ്ട്. തലക്കെട്ടില്‍ പട്ടര്‍ എന്ന് പറയുന്നത് തന്നെ ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.

ബ്രാഹ്മണര്‍ പച്ചക്കറി മാത്രം കഴിക്കുന്നവരാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും പട്ടരുടെ മട്ടണ്‍ കറി എന്ന് തന്നെ ചിത്രത്തിന് പേര് നല്‍കിയത് ബ്രാഹ്മണരെ അപമാനിക്കാന്‍ മനപൂര്‍വം നല്‍കിയതാണ് എന്നാണ് കത്തില്‍ ആരോപിക്കുന്നത്.

ഇക്കാരണങ്ങളാല്‍ ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ബ്രാഹ്മണര്‍ ആവശ്യപ്പെടുന്നു.

കാസ്‌കേഡ് ആഡ് ഫിലിംസിന്റെ ബാനറില്‍ ബ്ലാക്ക് മൂണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടണ്‍ കറി. അര്‍ജുന്‍ ബാബു ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നാരാഗേഷ് വിജയ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുഖോഷ് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pattarude Mutton Curry name issue Kerala Brahmin Sabha against the film