‘പൊന്തന്മാട’ സിനിമയിലെ മമ്മൂട്ടിയെ വൃദ്ധനായി മേക്കപ്പ് ചെയ്ത കലാകാരൻ എന്ന നിലയിലാണ് പട്ടണം റഷീദ് മലയാളം സിനിമ ഇൻഡസ്ട്രിയിൽ ശ്രദ്ധ നേടുന്നത്. മരക്കാർ, ജയ് ബീം, ബിഗിൽ, അനന്തഭദ്രം തുടങ്ങി നിരവധി ചിത്രങ്ങളുടെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു അദ്ദേഹം.
മമ്മൂട്ടിയുടെ മുഖത്ത് മേക്കപ്പ് ചെയ്താണ് താൻ മേക്കപ്പ് പഠിച്ചതെന്ന് മമ്മൂട്ടി പറയാറുണ്ടെന്നും അത് ഒരർത്ഥത്തിൽ സത്യമാണെന്നും പട്ടണം റഷീദ് പറഞ്ഞു. മമ്മൂട്ടിയുടെ അസിസ്റ്റന്റ് ആയാണ് കരിയർ തുടങ്ങിയതെന്നും മോഹൻലാലിന് ദേശീയ അവാർഡ് നേടിയ ചിത്രത്തിൽ വരെ വർക്ക് ചെയ്തിട്ടുണ്ടെന്നും റഷീദ് പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാന കാരണം മമ്മൂക്കയുടെ സിനിമയാണ്. ഞാൻ മമ്മൂക്കയുടെ കൂടെ അസിസ്റ്റൻറ് ആയിട്ട് വർക്ക് ചെയ്തിട്ടുണ്ട്. എന്റെ ആദ്യ സിനിമയിൽ ഹീറോ മമ്മൂക്കയായിരുന്നു. അതിനോടൊപ്പം ചെയ്ത മറ്റൊരു സിനിമയിൽ മോഹൻലാൽ ഹീറോ ആയിരുന്നു. ആ സിനിമകൾ ഒരുമിച്ച് ഷൂട്ട് ചെയ്തതായിരുന്നു.
മമ്മൂക്കയുമായിട്ടുള്ള ബന്ധം എന്നെ ഒരുപാട് ഹെൽപ്പ് ചെയ്തിരുന്നു. അന്ന് അസിസ്റ്റൻറ് ആയിരുന്നു, പിന്നെ വേറെ പ്രഗൽഭരായ ആളുകളുടെ കൂടെ നിർത്താൻ വേണ്ടി മമ്മൂക്ക ശുപാർശ ചെയ്തിരുന്നു. എന്റെ വഴിത്തിരിവായ സിനിമ ‘പൊന്തൻമാട’ എന്ന സിനിമയാണ്. അത് ചെയ്യുന്ന സമയത്ത് കുറേ ഇൻഡിപെൻഡന്റ് ആയിട്ടുള്ള സിനിമകൾ ചെയ്തിരുന്നു.
ആ സമയത്താണ് ക്യാമറാമാൻ എന്റെ അടുത്ത് വന്നിട്ട് ഒരു സിനിമയുണ്ട് എന്ന് പറയുന്നത്. ആ സിനിമയിലെ മമ്മൂക്കയെ വൃദ്ധൻ ആയിട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ എനിക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ല, പ്രഗൽഭരായ ആളുകളെ മുബൈയിൽ നിന്നൊക്കെ വരുത്തിയാൽ നന്നായിരിക്കും, നമ്മളെക്കാൾ നന്നായിട്ട് അവർക്ക് ചെയ്യാൻ പറ്റും അത് നോക്കുന്നതല്ലേ നല്ലത് എന്ന് ഞാൻ പറഞ്ഞു.
‘ബോംബയിൽ നിന്ന് കൊണ്ടുവരാൻ നിന്റെ ശുപാർശ വേണ്ട അത് ഞങ്ങൾ നോക്കിക്കോളാം നിനക്ക് ചെയ്യാൻ പറ്റുമെങ്കിൽ നീ ചെയ്താൽ മതി’ എന്ന് വേണു ചേട്ടൻ പറഞ്ഞു. പുള്ളിയുടെ വല്ലാത്തൊരു കടുംപിടുത്തത്തിലാണ് ഞാൻ ആ പടം ചെയ്യുന്നത്. ആ സമയം എനിക്ക് അതിന്റെ സാങ്കേതികതയെക്കുറിച്ചൊന്നും വലിയ അറിവ് ഉണ്ടായിരുന്നില്ല. അതിനുവേണ്ടി ഒരുപാട് ശ്രമങ്ങൾ നടത്തി ബോംബയിൽ നിന്ന് മേക്കപ്പ് സാധനകളൊക്കെ കൊണ്ടുവന്നാണ് അത് ചെയ്തത്.
മമ്മൂക്ക ഇപ്പോഴും പറയും ‘എന്റെ മുഖത്തെ മേക്കപ്പ് ചെയ്താണ് അവൻ പഠിച്ചതെന്ന്’. അതൊരർത്ഥത്തിൽ ശരി തന്നെയാണ്. കാരണം അതാണ് എന്നെ വഴിതിരിച്ചുവിട്ട സിനിമ. പൊന്തൻമാട സിനിമയിൽ മേക്കപ്പ് ചെയ്തയാൾ എന്ന രീതിയിലാണ് ഞാൻ അറിയപ്പെട്ടിരുന്നത്. പിന്നെ ലാൽസാറിന്റെ നിരവധി സിനിമകൾ ചെയ്തു.
Content Highlight: pattanam rasheed about mammooty’s helping hand towards his career