ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ മുഹമ്മദ് മുഹ്‌സിന്‍ മത്സരിക്കുകയും കനയ്യകുമാര്‍ പ്രചരണത്തിന് എത്തുകയും ചെയ്തതോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായിരുന്നു പട്ടാമ്പി.
പട്ടാമ്പിയില്‍ ചെങ്കൊടി പാറിച്ചുക്കൊണ്ട് മികച്ച വിജയവും മുഹമ്മദ് മുഹ്‌സിന്‍ നേടി. സിറ്റിങ് എം.എല്‍.എയായിരുന്ന കോണ്‍ഗ്രസിന്റെ സി.പി മുഹമ്മദിനെയാണ് മുഹമ്മദ് മുഹ്‌സിന്‍ തോല്‍പിച്ചത്. 7404 വോട്ടുകള്‍ക്കാണ് മുഹമ്മദ് മുഹ്‌സിന്‍ സി.പി മുഹമ്മദിനെ അട്ടിമറിച്ചത്.
മുഹ്‌സിന്റെ വിജയം യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെയാണ്. മുഹ്‌സിന്റെ വിജയം മോദിക്കുള്ള മറുപടിയായിരിക്കുമെന്ന് നേരത്തെ തന്നെ കനയ്യകുമാര്‍ വ്യക്തമാക്കിയിരുന്നു.
മുഹമ്മദ് മുഹ്‌സിന്‍ രാജ്യദ്രോഹിയല്ലെന്ന് പട്ടാമ്പിക്കാര്‍ തെളിയിച്ചു കൊടുക്കണമെന്ന് കനയ്യകുമാര്‍ മുഹ്‌സിന്റെ പ്രചരണവേദിയില്‍ പറഞ്ഞിരുന്നു. ജെ.എന്‍.യു സമരം അവിടെ മാത്രം ഒതുങ്ങുന്നതല്ല. പട്ടാമ്പിയിലടക്കം എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കേണ്ടതാണെന്നുമായിരുന്നു കനയ്യുടെ വാക്കുകള്‍.
ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മോഹം കേരളത്തില്‍ വിലപ്പോകില്ലെന്നും കനയ്യപറഞ്ഞിരുന്നു. പട്ടാമ്പിയിലുള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷസ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നായിരുന്നു കനയ്യയുടെ വാക്കുകള്‍.
മോദിയുടെ ബി.ജെ.പി സര്‍ക്കാരിനെതിരെ രാജ്യമാകെ പ്രതിഷേധക്കൊടുങ്കാറ്റ് അലയടിച്ച ജെ.എന്‍.വുവിലെ പോരാട്ടവും പട്ടാമ്പിയില്‍ മുഹ്‌സിന് തുണയായി. കനയ്യയും മുഹ്‌സിനും രാജ്യദ്രോഹികളല്ലെന്ന് മോദിക്ക്പട്ടാമ്പിക്കാര്‍ കാണിച്ചുകൊടുത്തു.
മുഹ്‌സിന് വേണ്ടി കനയ്യപട്ടാമ്പിയിലെത്തി പ്രചരണം നടത്തിയതും മുഹ്‌സിന്റെ വിജയത്തിന് വലിയ തോതില്‍ തന്നെ ആക്കം കൂട്ടിയിരുന്നു. പട്ടാമ്പിയില്‍ കനയ്യ പങ്കെടുക്കുന്ന മുഹ്‌സിന്റെ പ്രചരണ പരിപാടിയില്‍ മാത്രം എത്തിയത് ആയിരക്കണക്കിന് ആളുകളായിരുന്നു.
ജെ.എന്‍.യുവിലെ രാജ്യദ്രോഹ മുദ്രാവാക്യവുമായി ബന്ധപ്പെട്ട വിഷയവും ഇതില്‍ കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിടച്ചതും വലിയ വാര്‍ത്തയായിരുന്നു. ജെ.എന്‍.യു സമരത്തില്‍ പങ്കെടുത്ത വ്യക്തിയെന്ന നിലയിലും മണ്ഡലത്തിലും പുറത്തും സ്വാധീനമുള്ള ഓങ്ങല്ലൂരിലെ അറിയപ്പെടുന്ന തറവാട്ടിലെ അംഗമെന്നതും മുഹ്‌സിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ബലമേകിയിരുന്നു.
Read More പട്ടാമ്പിയില്‍ മത്സരിക്കുന്നത് ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ രാജ്യദ്രോഹിയെന്ന് മുസ്‌ലീം ലീഗ് മുഖപത്രം
“പട്ടാമ്പിയിലെ മുഹ്‌സിന്റെ വിജയം മോദിക്ക് ഉള്ള ആദ്യ തിരിച്ചടിയായിരിക്കുമെന്ന കനയ്യകുമാറിന്റെ വാക്കുകള്‍ പൊന്നാക്കിയ വിജയം കൂടിയായിരുന്നു മുഹ്‌സിന്റേത്.
അതേസമയം മുഹ്‌സിന്റെ വിജയം ലീഗിനും വലിയ തിരിച്ചടി തന്നെയാണ്. പട്ടാമ്പി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ രാജ്യദ്രോഹിയാണ് എന്നായിരുന്നു മുസ്‌ലീം ലീഗ് അവരുടെ മുഖപത്രമായ ചന്ദ്രികയില്‍ എഴുതിയിരുന്നത്.
പട്ടാമ്പി സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് മുഹ്‌സിനും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ കനയ്യകുമാറും രാജ്യദ്രോഹികളാണെന്നായിരുന്നു ലീഗിന്റെ കണ്ടുപിടുത്തം.
“രാജ്യദ്രോഹിയായി സുപ്രീം കോടതി തൂക്കിലേറ്റാന്‍ വിധിച്ച അഫ്‌സല്‍ഗുരുവിനെ രാജ്യസ്‌നേഹിയായി വാഴ്ത്തുന്ന അവതാരത്തെയാണ് പട്ടാമ്പിയില്‍ ഇത്തവണ ഇറക്കിയതെന്നും ലീഗ് പരിഹസിച്ചിരുന്നു. എന്നാല്‍ ഉജ്ജ്വല വിജയത്തിലൂടെ ലീഗിനും വലിയ തിരിച്ചടി കൊടുത്തിരിക്കുകയാണ് ഈ പട്ടാമ്പിക്കാരന്‍.