| Tuesday, 1st December 2020, 11:37 am

വണ്ണിയാര്‍ സമുദായത്തിന് സര്‍ക്കാര്‍ ജോലികളില്‍ 20 ശതമാനം സംവരണം വേണം; തമിഴ്‌നാട് സര്‍ക്കാരിനെതിരെ സമരം ശക്തമാക്കി സഖ്യകക്ഷിയായ പി.എം.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സര്‍ക്കാര്‍ ജോലികളില്‍ വണ്ണിയാര്‍ സമുദായത്തിന് 20 ശതമാനം സംവരണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം. പട്ടാളി മക്കള്‍ കച്ചിയാണ് പ്രതിഷേധിക്കുന്നത്.

സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള അനന്തപുരി എക്‌സ്പ്രസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് ട്രെയിന്‍ മണിക്കൂറുകളോളം പിടിച്ചിടുകയും ചെയ്തു.

തമിഴ്‌നാട്ടിലുടനീളം റെയില്‍വേ ലൈനുകള്‍ ഉപരോധിച്ച് കൊണ്ടാണ് സമരം നടക്കുന്നത്. പലയിടങ്ങളിലും ബസ് തടഞ്ഞും സമരക്കാര്‍ പ്രതിഷേധിക്കുന്നുണ്ട്. ചെന്നൈയിലെ സൈദാപേട്ടില്‍ മണിക്കൂറുകളോളം ബസും മറ്റു വാഹനങ്ങളും ഉപരോധിച്ചു. തുടര്‍ന്ന് സമരം നടത്തിയ പി.എം.കെ കക്ഷികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

നേരത്തെ വന്ന സര്‍ക്കാരുകളും ഇപ്പോള്‍ പി.എം.കെയുടെ തന്നെ പിന്തുണയോടെ അധികാരത്തിലെത്തിയ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരും വണ്ണിയാര്‍ സമുദായത്തിന് കാര്യമായ പരിഗണന തരുന്നില്ലെന്ന് കാണിച്ചാണ് സമരവുമായി പാര്‍ട്ടി രംഗത്തെത്തിയത്.

വണ്ണിയാര്‍ വിഭാഗത്തിന് കാര്യമായ പുരോഗതിയില്ലെന്നും സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി ലഭിക്കുന്നില്ലെന്നും പി.എം.കെ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടില്‍ വടക്കന്‍ മേഖലയില്‍ വലിയ സ്വാധീനമുള്ള വിഭാഗമാണ് വണ്ണിയാര്‍.

തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പുകൂടി നടക്കാനിരിക്കുന്നതിനിടെയാണ് പ്രക്ഷോഭം. സര്‍ക്കാരിനെതിരെ സഖ്യകക്ഷിയായ പാര്‍ട്ടി തന്നെ രംഗത്തെത്തിയിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പളനി സ്വാമി എന്ത് തീരുമാനമെടുക്കും എന്നത് നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pattali Makkal Katchi protest against Tamilnadu government on the reservation

We use cookies to give you the best possible experience. Learn more