| Monday, 28th October 2024, 8:17 am

കിഴക്കന്‍ ലഡാക്കിലെ എല്‍.എ.സി നിയന്ത്രണരേഖയില്‍ രണ്ടുദിവസത്തിനകം പട്രോളിങ് നടപടികള്‍ പൂര്‍ത്തിയാക്കും; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും രണ്ട് ദിവസത്തിനകം പട്രോളിങ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സുഗമമാക്കുന്നതിന് ഒക്ടോബര്‍ 28, 29 തീയ്യതികള്‍ക്കകം നടപടികള്‍ ക്രമീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിയന്ത്രണരേഖയ്ക്ക് ഇരു വശത്തായുമുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്താല്‍ പ്രദേശങ്ങളില്‍ പട്രോളിങ് നടപടികള്‍ ആരംഭിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കിഴക്കന്‍ ലഡാക്കിലെ ഡെംചോക്ക്, ഡെപ്‌സാങ് പ്രദേശങ്ങളിലെ നിയന്ത്രണരേഖയിലാണ് ഇരു രാജ്യങ്ങളിലെയും സൈന്യത്തെ വിന്യസിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കിഴക്കന്‍ ലഡാക്കിലെ എല്‍.എ.സി നിയന്ത്രണരേഖയില്‍ പട്രോളിങ് നടത്തുന്നതില്‍ ധാരണയായത്.

2020ല്‍ ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇരു സേനകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ ആദ്യ കരാര്‍ കൂടിയാണിത്. ഈ കരാറിനനുസരിച്ച് ഡെംചോങ്ങിനും ഡെപ്‌സാങ്ങിനും മാത്രമേ സാധുതയുള്ളൂവെന്നും മറ്റ് സ്ഥലങ്ങളില്‍ ഇത് ബാധകമല്ലെന്നും ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2020ല്‍ ഏറ്റുമുട്ടലുണ്ടാവുന്നതിന് മുമ്പുള്ള സാഹചര്യത്തിലേക്ക് സൈനികര്‍ മടങ്ങുമെന്നും ആ പ്രദേശങ്ങളില്‍ പട്രോളിങ് നടത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

കരാറിനുസൃതമായി ഇന്ത്യന്‍ സൈന്യം പിന്‍ ലൊക്കോഷനുകളിലെ സൈനിക ഉപകരണങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതായും നിലവില്‍ ചില സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നയതന്ത്ര-സൈനിക മാര്‍ഗങ്ങളിലൂടെ കൂടിയാലോചനകള്‍ നടത്തിവരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇരു രാജ്യങ്ങളും ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ കുറച്ചാഴ്ചകളായി ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്രപരവും സൈനികപരവുമായ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും തത്ഫലമായാണ് ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ പട്രോളിങ് ക്രമീകരണങ്ങളില്‍ ധാരണയിലെത്തിയതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

2020ല്‍ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് വഷളായ പട്രോളിങ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അറിയിച്ചിരുന്നു

Content Highlight: Patrolling will be completed along the LAC Line of Control in eastern Ladakh; Report

We use cookies to give you the best possible experience. Learn more