| Wednesday, 22nd May 2019, 12:18 am

വന്ദേമാതരമെന്നോ ജയ് ഹിന്ദെന്നോ വിളിക്കുന്നതല്ല ദേശസ്‌നേഹമെന്ന് ഉപരാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വന്ദേമാതരമെന്നോ ജയ് ഹിന്ദെന്നോ വിളിക്കുന്നതല്ല ദേശസ്‌നേഹമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു. ദേശസ്‌നേഹത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നൈയില്‍ മാനേജ്‌മെന്റ് ബിരുദധാരികളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേശസ്‌നേഹത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേശസ്‌നേഹമെന്നാല്‍ വന്ദേമാതരമെന്നോ ജയ് ഹിന്ദെന്നോ വിളിക്കുന്നതല്ല, കൈയുയര്‍ത്തി ഭാരത് മാതാ എന്നു വിളിക്കുന്നതുമല്ല. കന്യാകുമാരിയിലോ, കശ്മീരിലോ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പ്രതികരിക്കണം. കേരളത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പ്രതികരിക്കണം. അതിനെയാണ് ദേശസ്‌നേഹമെന്നും ദേശീയതയെന്നുമൊക്കെ പറയുന്നത്.’- അദ്ദേഹം പറഞ്ഞു.

ഓരോ ഇന്ത്യക്കാരനെയും ഓര്‍ക്കുന്നതും പിന്തുണയ്ക്കുന്നതുമാണു ദേശീയത. അതിനു ജാതിയുടെയോ വംശത്തിന്റെയോ ലൈംഗികതയുടെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ വ്യത്യാസമുണ്ടാകാന്‍ പാടില്ല. എല്ലാ പൗരരെയും പരിഗണിക്കണം. അതാണ് ദേശഭക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുംബിക്കണമെന്നുണ്ടെങ്കില്‍ അതിനായി ഏതെങ്കിലും സ്വകാര്യ സ്ഥലം കണ്ടെത്തി അതു ചെയ്യണമെന്നും അത് ആഘോഷമാക്കരുതെന്നും നായിഡു ഇതേ വേദിയില്‍വെച്ച് അദ്ദേഹം പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് എന്തു കഴിക്കണമെന്നു തോന്നിയാലും കഴിക്കൂ. പക്ഷേ അതു മറ്റുള്ളവരുടെ എന്തെങ്കിലും തരത്തിലുള്ള വികാരത്തെ വൃണപ്പെടുത്തിക്കൊണ്ടാകരുത്. അതൊരിക്കലും ആഘോഷത്തിന്റെ രൂപത്തിലുമാകരുത്. ചില സ്ഥലങ്ങളില്‍ ചുംബന ആഘോഷങ്ങളുണ്ടാകുന്നു. രണ്ടുപേര്‍ക്ക് അതില്‍ താത്പര്യമുണ്ടെങ്കില്‍ അതിനേതെങ്കിലും സ്വകാര്യ സ്ഥലം കണ്ടെത്തി അതു ചെയ്യൂ. അതിനെന്തിനാണ് ആഘോഷം?- അദ്ദേഹം ചോദിച്ചു.

‘സര്‍വകലാശാലയോ, ജുഡീഷ്യറിയോ, സി.വി.സിയോ, സി.എ.ജിയോ, തെരഞ്ഞെടുപ്പ് കമ്മീഷനോ, പാര്‍ലമെന്റോ, നിയമസഭയോ എന്താണെങ്കിലും നമ്മള്‍ അവയെ നശിപ്പിക്കാന്‍ ശ്രമിക്കരുത്. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതിനുള്ളില്‍ വെച്ച് അക്കാര്യം ചര്‍ച്ച ചെയ്യണം. പുറത്തുപോയി ആ സ്ഥാപനത്തെ നശിപ്പിക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇക്കാര്യം മനസ്സിലാക്കാന്‍ ശ്രമിക്കണം.’- അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍വകലാശാലകളില്‍ എന്തെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകരുതെന്നും രാജ്യത്തെ 900 സര്‍വകലാശാലകളില്‍ ഭൂരിഭാഗത്തിലും അങ്ങനെയൊന്നും ഉണ്ടാകുന്നില്ലെന്നതു സന്തോഷമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more