ഇത്തവണ ബാലണ്‍ ഡി ഓര്‍ ലയണല്‍ മെസി നേടില്ലെന്ന് ബാഴ്‌സലോണ ഇതിഹാസം പാട്രിക് ക്ലൈവര്‍ട്ട്. 2023ലെ പുരസ്‌കാരത്തിന് അര്‍ഹനാകാന്‍ പോകുന്നത് യുവതാരങ്ങളില്‍ ഒരാളാണെന്നും മെസി ബാലണ്‍ ഡി ഓര്‍ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജോണിബെറ്റ് ഡോട് കോമിലെ ഗൈലം ബാലഗ്വേക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഹാലണ്ട്, കിലിയന്‍ എംബാപ്പെ അല്ലെങ്കില്‍ വിനീഷ്യസ് ജൂനിയര്‍, ഇവരിലൊരാളാണ് ഇത്തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുക. മെസി ഇത്തവണ പുരസ്‌കാരം അര്‍ഹിക്കുന്നില്ല,’ ക്ലൈവര്‍ട്ട് പറഞ്ഞു.
അതേസമയം, ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്‍ നല്‍കുന്ന 2022-23 സീസണിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒക്ടോബര്‍ 30നാണ് നല്‍കുക. സെപ്റ്റംബര്‍ ആറിന് ബാലണ്‍ ഡി ഓര്‍, യാഷിന്‍ ട്രോഫി, കോപ്പ ട്രോഫി എന്നിവക്കുള്ള നോമിനികളുടെ പേരുകള്‍ പ്രഖ്യാപിക്കും.
മികച്ച ഗോള്‍ കീപ്പര്‍ക്കായി യാഷിന്‍ ട്രോഫി നല്‍കുമ്പോള്‍ മികച്ച യുവതാരത്തിനാണ് കോപ്പ അവാര്‍ഡ് നല്‍കുക. ഇരു പുരസ്‌കാരങ്ങള്‍ക്കുമായി 10 വീതം നോമിനികളെയാണ് പ്രഖ്യാപിക്കുമ്പോള്‍ വനിതാ ബാലണ്‍ ഡി ഓറിന് 20ഉം പുരുഷ ബാലണ്‍ ഡി ഓറിന് 30ഉം നോമിനികളെ പ്രഖ്യാപിക്കും.
ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ലയണല്‍ മെസി ഇത്തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ക്ലബ്ബ് ഫുട്ബോളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഹാലണ്ടിന്റെ പേരും മെസിക്കൊപ്പം തന്നെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എഫ്.എ കപ്പിലും പ്രീമിയര്‍ ലീഗിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കായി യുവേഫ ചാമ്പ്യന്‍ ലീഗ് ടൈറ്റിലും പേരിലാക്കി പുരസ്‌കാരത്തിന് അര്‍ഹനാകുമെന്നാണ് ആരാധകര്‍ പറയുന്നത്.