ഫുട്‌ബോളില്‍ സമീപ കാലത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുള്ള താരമാണ് അല്‍ നസറിന്റെ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പലരും താരത്തെ പരിഹസിച്ചിരുന്നു. യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി ലീഗിലെത്തിയതിന് ശേഷവും താരത്തെ വേട്ടയാടുന്നവരുണ്ട്.
റോണോയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം പാട്രിസ് എവ്ര. റൊണാള്‍ഡോയോട് അസൂയ ഉള്ളവരോ അല്ലെങ്കില്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയോട് കടുത്ത ആരാധന ഉള്ളവരോ ആണ് ഇത്തരത്തിലുള്ള വിമര്‍ശനങ്ങളുമായി എത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
”ഈ വിഷയത്തില്‍ പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. റൊണോള്‍ഡോയെ വിമര്‍ശിക്കുന്നവരെ ഒറ്റ വാക്കില്‍ അസൂയാലുക്കള്‍ എന്ന് വിളിക്കാനേ സാധിക്കൂ. അദ്ദേഹത്തോട് അനാദരവ് തോന്നുന്നുണ്ടെങ്കില്‍ അത് മാത്രമാണ് പിന്നിലെ കാരണം. അതല്ലെങ്കില്‍ പിന്നെ നിങ്ങളൊരു ലയണല്‍ മെസി ആരാധകനായിരിക്കണം,’ എവ്ര പറഞ്ഞു.
അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ അല്‍ നസറിലെത്തുന്നത്. രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോക്കാണ് താരത്തെ അല് നസര്‍ സ്വന്തമാക്കിയത്. സൗദി പ്രോ ലീഗില്‍ പ്രായത്തെ മറികടക്കുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
വിവിധ ക്ലബ്ബുകള്‍ക്കായി ഒട്ടനവധി തവണ വലകുലുക്കിയ താരം റയലിന് വേണ്ടിയാണ് കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ളത്. റയലിനായി 450 ഗോളുകള്‍ നേടിയപ്പോള്‍ മാഞ്ചസ്റ്ററിനായി 114ഉം യുവന്റസിനായി 101 ഗോളും നേടി. കണക്കുകള്‍ പ്രകാരം ക്ലബ്ബ് ഫുട്ബോളില്‍ 518 മത്സരങ്ങളില്‍ നിന്ന് 352 ഗോളുകളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. 11 ടൈറ്റിലുകളും ക്ലബ്ബുകള്‍ക്ക് വേണ്ടി അദ്ദേഹം നേടിക്കൊടുത്തു.
2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം. ലോക ഫുട്‌ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോയാണ് ഏറ്റവും മുന്നില്‍. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും 140 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയത്.
അല്‍ നസറിനായി 11 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കിയത്. കൂടാതെ സൗദി പ്രോ ലീഗിലെ ടോപ്പ് സ്‌കോറര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് റൊണാള്‍ഡോയുടെ സ്ഥാനം. പ്രോ ലീഗില്‍ നിലവില്‍ 22 മത്സരങ്ങളില്‍ നിന്നും 16 വിജയങ്ങളുമായി 52 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.