സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ഗാരത് ബെയ്‌ലിനെയും ഒന്നിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിക്കാന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ താരം പാട്രിസ് എവ്ര. എന്നാല്‍ യുണൈറ്റഡ് അതിന് തയ്യാറായില്ലെന്നും ഒടുവില്‍ അദ്ദേഹം പരിശീലക സ്ഥാനം ഉപേക്ഷിച്ച് പടിയിറങ്ങിയെന്നും എവ്ര പറഞ്ഞു.
മുന്‍ ചെല്‍സി സൂപ്പര്‍ താരം ജോണ്‍ ഓബി മൈക്കലിന്റെ ദി ഒബി വണ്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കാന്‍ പോന്ന സംഭവത്തെ കുറിച്ച് എവ്ര സംസാരിച്ചത്.
2013 ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ 200 മില്യണിന് രണ്ട് താരങ്ങളെയും ഒന്നിച്ച് ടീമിലെത്തിക്കാനാണ് ഫെര്‍ഗി ശ്രമിച്ചതെന്നും എന്നാല്‍ മാനേജ്‌മെന്റ് മുഖം തിരിച്ചുവെന്നും എവ്ര പറഞ്ഞു. ഇതിന് പിന്നാലെയാണ് ഫെര്‍ഗൂസന്‍ പടിയിറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസമായിരുന്നു അത്. പക്ഷേ ഞാന് കരഞ്ഞില്ല, ഞാന്‍ ഞെട്ടിത്തരിച്ചുനിന്നുപോയി. കാരണം രണ്ടാഴ്ച മുമ്പ് അദ്ദേഹം എന്നെ ഓഫീലേക്ക് വിളിപ്പിച്ചിരുന്നു.
‘പാട്രിസ് അവരെ നോക്കൂ, അവര്‍ (യുണൈറ്റഡ് മാനേജ്‌മെന്റ്) കരുതിയത് ഞാന്‍ വിരമിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ്. ഞാന്‍ ഇവിടെ അടുത്ത പത്ത് വര്‍ഷം കൂടിയുണ്ടാകും, പക്ഷേ നമുക്ക് കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടേണ്ടതുണ്ട്.
പാട്രിസ്, ക്രിസ്റ്റ്യാനോ 99 ശതമാനവും ഇവിടേക്ക് തിരിച്ചുവരാന്‍ ഒരുക്കമാണ്. ഗാരത് ബെയ്‌ലും ഇവിടേക്ക് വരും. 200 മില്യണാണ് ഇതിനായി വേണ്ടത്. എന്നാല്‍ ആ തുക തരാന്‍ ക്ലബ്ബ് വിസ്സമതിച്ചു. അവര്‍ മറ്റെന്തിനോ ഒരു ബില്യണ്‍ ചെലവഴിച്ചു’ എന്നാണ് ഫെര്‍ഗൂസന്‍ എന്നോട് പറഞ്ഞത്.
ഇത് സംഭവിക്കുന്നത് 2013ലാണ്, അദ്ദേഹം വിരമിക്കുന്നതിന് തൊട്ടുമുമ്പ്. ഇതുകൊണ്ടാണ് ഞാന്‍ ഇത് ഇന്നും ഓര്‍മിക്കുന്നത്,’ എവ്ര പറഞ്ഞു.
2003ല്‍ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ നിന്നും ഫെര്‍ഗൂസന്‍ താരത്തെ കണ്ടെത്തിയതുമുതല്‍ 2009 വരെ റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡിന്റെ ഭാഗമായിരുന്നു. ടീമിനൊപ്പം ചാമ്പ്യന്‍സ് ലീഗ് അടക്കം നിരവധി കിരീടങ്ങളും താരം സ്വന്തമാക്കി.
ശേഷം 2009ലാണ് റോണോ പ്രീമിയര്‍ ലീഗ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. 2013ല്‍ ഈ ഡീല്‍ നടക്കാതെ പോയതോടെ റയലില്‍ തുടര്‍ന്ന റൊണാള്‍ഡോ 2018 വരെ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ ഗോളടിച്ചുകൊണ്ടിരുന്നു.
ടെന്‍ ഹാഗ് യുഗത്തില്‍, 2021ല്‍ റൊണാള്‍ഡോ വീണ്ടും തിരികെ മാഞ്ചസ്റ്ററിലെത്തിയെങ്കിലും താരത്തിന്റെ കരിയറിലെ ഇരുണ്ട യുഗമായിരുന്നു അത്.
2007 മുതല്‍ ആറ് വര്‍ഷക്കാലം ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ താരമായിരുന്നു ഗാരത് ബെയ്ല്‍. 2013ല്‍ കാര്‍ലോ ആന്‍സലോട്ടിക്ക് കീഴിയാണ് താരം റയലില്‍ പന്തുതട്ടിയത്. തുടര്‍ന്ന് 2022 വരെ വെയ്ല്‍സ് ലെജന്‍ഡ് ലോസ് ബ്ലാങ്കോസിനൊപ്പം തുടര്‍ന്നു.
Content highlight: Patrice Evra about Sir Alex Ferguson