കോഴിക്കോട്: പരോക്ഷമായും പ്രത്യക്ഷമായും സമൂഹത്തില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍. സ്ത്രീകളെ എപ്പോഴും അടക്കി വെക്കാനാണ് നമ്മുടെ സമൂഹം ശ്രമിച്ചിരുന്നതെന്നും ഈ കാഴ്ച്ചപ്പാട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
കോഴിക്കോട് നടക്കുന്ന പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ എന്‍.ഇ. ബാലകൃഷണമാരാര്‍ സ്മാരക സാഹിത്യ സമഗ്രസംഭാവന എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ എന്തിനാണ് ഗവേഷണം ചെയ്യുന്നതെന്ന് തോന്നാറുണ്ട്. ജോലി ലഭിക്കാന്‍ മാത്രമാണെന്ന് താന്‍ വിലയിരുത്തിയിരിക്കുന്നത്. ജോലി എന്നത് ജീവിത നിലനില്‍പ്പിന്റെ പ്രധാന ഘടകമാണ്. എന്നാല്‍ ഗവേഷണവും അതിന്റെ വിഷയവും നമ്മെ സ്വാധീനിക്കുന്ന ഒന്നാവണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയത്തെ കുറിച്ചും സച്ചിദാനന്ദന്‍ പറയുകയുണ്ടായി. പുതിയ വിദ്യാഭ്യാസ നയത്തിന്റെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ താന്‍ വിശകലനം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.
പ്രകൃതിയെ ചൂഷണം ചെയ്യരുതെന്ന് പറയുമ്പോള്‍ താന്‍ വികസനത്തിന് എതിരാണെന്ന് ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ അങ്ങനെയൊരു ആക്ഷേപം വരികയാണെങ്കില്‍ തനിക്ക് ഒരു പ്രശ്‌നവുമില്ല. അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തുകൊണ്ടുള്ള ഒരു നല്ല ബന്ധമായിരിക്കണം പ്രകൃതിയും മനുഷ്യനും തമ്മില്‍ വേണ്ടത്. നമ്മെ നമ്മള്‍ എങ്ങനെ സംരക്ഷിക്കുന്നുവോ അതുപോലെ തന്നെ പ്രകൃതിയെയും സംരക്ഷിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
സുഗതകുമാരി ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ പ്രകൃതിയെ കുറിച്ച് നമുക്കൊരു അറിവ് പകര്‍ന്ന് തന്നിട്ടുണ്ട്. നമ്മുടെ എല്ലാ എഴുത്തുകാരും കവികളും പ്രകൃതിയിലൂടെ തന്നെയാണ് കടന്നുപോയിട്ടുള്ളത്. പ്രകൃതിയെ മറന്നുകൊണ്ട് ഒന്നും ചെയ്യരുതെന്നും ഈ കാഴ്ചപ്പാട് വികസനത്തിന് എതിരല്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
Content Highlight: Satchidanandan said patriarchy prevails in the society both directly and indirectly