ദമസ്‌കസ്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവയ്ക്ക് നേരെ ചാവേറാക്രമണം. ജന്മനാടായ സിറിയയിലെ ഖാമിഷ്‌ലി ജില്ലയിലെ ഖാതിയില്‍ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരുടെ സ്മാരകങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു ബാവ. ആക്രമണത്തില്‍ ചാവേറും ബാവയുടെ അംഗരക്ഷകനും മറ്റൊരാളും കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതര പരിക്കുകളേറ്റിട്ടുണ്ട്. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന സംരക്ഷിച്ചതു കൊണ്ടാണ് ബാവ സുരക്ഷിതനായി രക്ഷപ്പെട്ടത്.
കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ച് ബാവയുടെ അടുത്തേക്ക് നടന്നു വന്ന ചാവേറിനെ സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന തടുത്തത് കൊണ്ടാണ് ബാവ സുരക്ഷിതനായത്. ബാവ നിന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റര്‍ അകലെയായിട്ടാണ് സ്‌ഫോടനം നടന്നതെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി പറഞ്ഞു.
സിറിയയില്‍ തുര്‍ക്കിയോടു ചേര്‍ന്നുള്ള പ്രദേശമാണ് ഖാമിഷ്‌ലി. നേരത്തെ നിവധി തവണ ഇസിസ് ഭീകരര്‍ ഇവിടെ ചാവേറാക്രമണം നടത്തിയിരുന്നു. ധാരാളം പള്ളികളുള്ള മേഖലയാണിത്.