Spoiler Alert
സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിര്‍ നായകനായ ചിത്രമാണ് ജിന്ന്. മാജിക്കല്‍ റിയലിസവും ഫാന്റസിയും കള്ളക്കടത്തുമൊക്കെ ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരികയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍. ലാലപ്പന്‍, അനീസ് എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്ത്രതില്‍ സൗബിന്‍ അവതരിപ്പിച്ചത്.
ജിന്നിന്റെ തുടക്കത്തില്‍ ഗംഭീരമായിട്ടായിരുന്നു ലാലപ്പന്റെ മാജിക്കല്‍ വേള്‍ഡിനെ പ്ലേസ് ചെയ്തത്. പിന്നീട് പല കാലങ്ങളായി പറഞ്ഞുപഴകിയ കഥ എങ്ങോട്ടെക്കയോ കൈ വിട്ട് പോവുകയായിരുന്നു. ഫാന്റസി കൂട്ടികലര്‍ന്ന ലാലപ്പന്റെ കഥാപരിസരം തന്നെയാണ് ജിന്നിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
അതുപോലെ വേണ്ട പ്രാധാന്യത്തോടെ ചിത്രത്തില്‍ പറഞ്ഞുപോയ മറ്റൊരു കാര്യം ഏത് തട്ടിലുള്ള ഇടമാണെങ്കിലും അവിടെ വര്‍ക്ക് ചെയ്യുന്ന ആണധികാരത്തെ പറ്റിയാണ്. ചിത്രത്തിലെ രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍ ലിയോണ ലിഷോയ് അവതരിപ്പിച്ച താര കോശിയും ശാന്തി ബാലചന്ദ്രന്‍ അവതരിപ്പിച്ച സഫയുമാണ്. സിനിമയിലെ ആണുങ്ങള്‍ അവരുടെ അധികാരം പ്രയോഗിക്കുന്നത് ഇവരുടെ മോലാണ്.
അനീസുമായുള്ള താരയുടെ ബന്ധം അറിയുന്ന ഭര്‍ത്താവ് പോള്‍ മര്‍ദിക്കുന്നത് അവളെയാണ്. അനീസ് ശക്തനാണെന്നും അയാള്‍ക്ക് സ്വാധീനമുണ്ടെന്നും പോളിന് അറിയാം. അതുകൊണ്ട് തന്നെ അനീസിനെ തൊടാന്‍ അയാള്‍ തയ്യാറാവുന്നില്ല. തന്റെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുന്നത് താരയുടെ മേലാണ്. സാമൂഹികമായും സാമ്പത്തികമായും സ്ത്രീ പ്രിവിലേജ്ഡായി നില്‍ക്കുമ്പോഴും തനിക്ക് ഇഷ്ടാനുസരണം ഉപയോഗിക്കാനാവുന്ന, തന്റെ അധികാര പരിധിയിലാണ് അവള്‍ എന്ന് വിശ്വസിക്കുന്ന ഭൂരിഭാഗം പുരുഷന്മാരില്‍ ഒരാളാണ് പോള്‍.
താരയെ അപേക്ഷിച്ച് നോക്കുമ്പോള്‍ സ്ത്രീയെന്ന നിലയില്‍ ഒരു പ്രിവിലേജുമില്ലാത്ത സ്ത്രീയാണ് അനീസിന്റെ ഭാര്യയായ സഫ. യഥാസ്തിക മുസ്‌ലിം കുടുംബത്തിലെ അംഗമായ സഫയെ കല്യാണം കഴിപ്പിക്കുന്നത് തന്നെ അനീസിനെ നന്നാക്കാനാണ്. ഇവിടെയും പുരുഷനെ നന്നാക്കല്‍ സ്ത്രീയുടെ കടമയായി മാറുന്നു.
ലാലപ്പനുമായി സഫക്ക് ബന്ധമുണ്ടാകുന്നതില്‍ അവള്‍ തെറ്റുകാരിയല്ല. അത് അറിയാതെ സംഭവിക്കുന്നതാണ്. എന്നാല്‍ അതിനും അനീസ് അവളെ മര്‍ദിക്കുന്നുണ്ട്. താരയുമായി വിവാഹേതര ബന്ധമുള്ള അനീസാണ് സഫയെ മര്‍ദ്ദിക്കുന്നത്. താന്‍ ഏത് വഴി പോയാലും ഭാര്യ ആ തരത്തില്‍ പോകേണ്ടതില്ല എന്ന ആണ്‍ ബോധവും ഇവിടെ അനീസിനുണ്ട്.
ജോലി ലഭിക്കുമ്പോള്‍ സഫയെ അതില്‍ നിന്നും തടയുന്നതും അനീസിന്റെ അമ്മയാണ്. പെണ്ണുങ്ങള്‍ ജോലി ചെയ്ത് കുടുബം കഴിയേണ്ട എന്നാണ് അവരുടെ പക്ഷം. സ്ത്രീ ജോലി ചെയ്തു കിട്ടുന്ന പണം നാണക്കേടാണ് എന്ന് പുരുഷാധിപത്യ സമൂഹത്തിലെ യാഥാസ്തിതിക ചിന്ത തന്നെയാണ് ഇവിടെ കാണുന്നത്.
Content Highlight: patriarchal way of society in d jinn movie