എ.കെ. സാജന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനായ ചിത്രമാണ് പുലിമട. വിന്‍സെന്റ് എന്ന യുവാവിന്റെ ജീവിതത്തില്‍ കല്യാണ ദിവസം നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും അത് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിക്കുന്നതുമാണ് പുലിമടയില്‍ കാണിക്കുന്നത്.
നമ്മുടെ നാട്ടില്‍ ഇന്നും നിലനില്‍ക്കുന്ന പാട്രിയാര്‍ക്കല്‍ ചിന്താഗതിയെ പുലിമടയില്‍ വിന്‍സെന്റിലൂടെ കാണിക്കുന്നുണ്ട്. അത് ആണധികാരം മാത്രമല്ല, പെണ്ണിനെ കീഴ്‌പ്പെടുത്തുക കൂടിയാണ്.
പരുന്തുംപാറയിലെ അയല്‍ക്കാരൊന്നുമില്ലാത്ത ആരു മലയില്‍ ഒറ്റക്കാണ് വിന്‌സെന്റിന്റെ താമസം. ചെറുപ്പത്തില്‍ തന്നെ അമ്മയും അച്ഛനും മരിച്ചു. അവരെ പറ്റിയുള്ള സെന്റിമെന്റ്‌സ് അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാണ് വിന്‍സെന്റ് ജീവിക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് മാറിത്താമസിക്കണമെന്ന് ബന്ധുക്കള്‍ ഉപദേശിക്കുമ്പോഴും വിന്‍സെന്റ് അവിടെ നിന്നും മാറാത്തത് അത് അപ്പന്റെ സ്ഥലമെന്ന് പറഞ്ഞാണ്. വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം വേണമെന്ന് പ്രതിശ്രുത വധു പറയുമ്പോഴും മരിച്ചുപോയ അപ്പന് അത് ഇഷ്ടമില്ല എന്ന കാരണമാണ് വിന്‍സെന്റ് പറയുന്നത്.
അവള്‍ക്ക് ഇഷ്ടമുള്ള ജോലിക്ക് പോകാനും അയാള്‍ സമ്മതിക്കുന്നില്ല. ജോലിയില്‍ നിന്നും കിട്ടുന്ന ശമ്പളത്തിലും അധികം ആദായം പറമ്പിലെ കൃഷിയില്‍ നിന്നും കിട്ടുമത്രേ. അതൊക്കെ നോക്കി ഭാര്യ വീട്ടിലിരുന്നാല്‍ മതിയെന്നാണ് വിന്‍സെന്റിന്റെ പക്ഷം. അപ്പോഴും സ്ത്രീയുടെ ഇഷ്ടങ്ങളോ ചോയ്‌സുകളോ അംഗീകരിക്കാന്‍ വിന്‍സെന്റിനാവുന്നില്ല. ഭാര്യയാവാന്‍ പോകുന്നവള്‍ക്ക് താന്‍ നല്ലതെന്ന് ചിന്തിക്കുന്നതെന്തോ അതാവണം അവളുടെ ചോയിസ്.
വിന്‍സെന്റിന്റെ മുന്‍ കല്യാണം മുടങ്ങിപോയതും പൊലീസുകാരിയായ അവരെ ജോലിക്ക് പോകാന്‍ വിന്‍സെന്റ് അനുവദിക്കാഞ്ഞതിനാലാണെന്നും സിനിമ പറയുന്നുണ്ട്. കല്യാണം മുടങ്ങിയിട്ടും വിന്‌സെന്റിന്റെ തന്റെ ബോധ്യങ്ങളെ കൈവിടാനാവുന്നില്ല. എന്നാല്‍ ചിന്താഗതികളൊക്കെ ഒടുവില്‍ വിന്‍സെന്റിന് തന്നെ തിരിച്ചടിയാവുന്ന കാഴ്ചയാണ് പുലിമടയില്‍ കാണുന്നത്.