national news
മോദി പരാമര്‍ശം: സൂറത് കോടതിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് പട്‌ന കോടതിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 30, 03:17 am
Thursday, 30th March 2023, 8:47 am

ന്യൂദല്‍ഹി: സൂറത് കോടതിക്ക് പിന്നാലെ മോദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് പട്‌ന കോടതിയും. സംഭവത്തില്‍ ഏപ്രില്‍ 12ന് ഹാജരാകാണമെന്ന് കോടതി നിര്‍ദേശം നല്‍കി.

ബി.ജെ.പി നേതാവ് സുശീല്‍ കുമാറാണ് 2019ല്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തന്നതാണെന്ന് ആരോപിച്ച് പട്‌നയിലെ എം.പി, എം.എല്‍.എ, എം.എല്‍.സി സ്‌പെഷ്യല്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

നിലവില്‍ രാഹുല്‍ ഗാന്ധി കേസില്‍ ജാമ്യത്തിലാണ്.

‘ഹരജിക്കാരന്റെ ഭാഗത്തുള്ള മുഴുവന്‍ സാക്ഷികളും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തണം. അത് ഏപ്രില്‍ 12ലേക്ക് നടത്താന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്,’ സുശീല്‍ മോദിയുടെ അഭിഭാഷകന്‍ എസ്.ഡി. സഞ്ജയ് പറഞ്ഞതായി എകണോമിക്‌സ് ടൈം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രാഹുല്‍ ഗാന്ധി 12ന് ഹാജരാകില്ലെന്നും അദ്ദേഹത്തിന്റെ വക്കീല്‍ അന്‍ശുല്‍ കുമാര്‍ മറ്റൊരു തിയ്യതിക്ക് വേണ്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

സമാന രീതിയില്‍ ഗുജറാത്ത് ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ സൂറത് കോടതി രണ്ട് വര്‍ഷം തടവിന് രാഹുല്‍ ഗാന്ധിയെ ശിക്ഷ വിധിക്കുകയായിരുന്നു. പിന്നാലെ അദ്ദേഹത്തെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വസതിയായ തുഗ്ലക് ലെയിനില്‍ നിന്ന് ഒഴിയണം എന്ന ഉത്തരവും വന്നിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ രാജ്യവ്യാപകമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം നടന്ന് കൊണ്ടിരിക്കുകയാണ്.

content highlight: patna court take case against rahul gandhi