ആരോഗ്യ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മൂന്ന് ഇരട്ടി വില രോഗികളില്‍ നിന്ന് ഈടാക്കുന്നു
Daily News
ആരോഗ്യ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മൂന്ന് ഇരട്ടി വില രോഗികളില്‍ നിന്ന് ഈടാക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th September 2014, 12:27 pm

medical2[]ന്യൂദല്‍ഹി: ഇന്ത്യയില്‍ ടെലിഫോണ്‍ നിരക്ക് വര്‍ദ്ധന നിയന്ത്രിക്കുന്നതിന് ട്രായി (ടെലിക്കോം റഗുലേറ്ററി അതോറിറ്റി)യും വൈദ്യുതി നിരക്ക് വര്‍ദ്ധന നിയന്ത്രക്കുന്നതിന് ഇലക്ട്രിസിറ്റി റഗുലേറ്ററും ഉണ്ട്. എന്നാല്‍ ആരോഗ്യ രംഗത്തെ ഉപകരണങ്ങളുടെ വില നിയന്ത്രണത്തിന് ഇന്ത്യയില്‍ യാതൊരു സംവിധാനവും ഇല്ല. അതുകൊണ്ട് തന്നെ വലിയ കൊള്ളയാണ് ഈ രംഗത്ത് നടക്കുന്നത്.

സമ്പന്ന രാജ്യങ്ങളായ യൂറോപ്പിലും യു.കെയിലുമൊക്കെ 28,000 മുതല്‍ 48,000 വരെ ചിലവ് വരുന്ന ഹൃദ്രോഹ ചികിത്സയ്ക്ക് ഇന്ത്യയില്‍ 60,000 മുതല്‍ ഒരു ലക്ഷം വരെയാണ് ചിലവഴിക്കേണ്ടിവരുന്നത്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും വേണ്ടിവരുന്നു.

ഹൃദ്രോഹത്തിനുള്ള മിക്ക ഉപകരണങ്ങളും വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്നും ഇതിന്റെ മൂന്നിരട്ടി വിലയാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നതെന്നും ആശുപത്രികളുടെയും മറ്റ് വന്‍കിട കമ്പനികളുടെയും ഈ പകല്‍ കൊള്ള തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഒരു മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു.

ഒരു വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) ആരോഗ്യ രംഗത്തെ വിവിധ ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണത്തെക്കുറിച്ച് അന്വേഷിക്കുകയും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ)ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മിക്കവാറും എല്ലാ ഉപകരണങ്ങള്‍ക്കും 100 ശതമാനത്തോളം വില വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.