ഈ പോക്ക് വിനാശത്തിലേക്കാണ്; റഫ ആക്രമണത്തില്‍ ഇസ്രഈലിന് ഫ്രാന്‍സിന്റെ മുന്നറിയിപ്പ്
Trending
ഈ പോക്ക് വിനാശത്തിലേക്കാണ്; റഫ ആക്രമണത്തില്‍ ഇസ്രഈലിന് ഫ്രാന്‍സിന്റെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th February 2024, 12:56 pm

പാരിസ്: ഗസയിലെ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലും റഫയിലും ഇസ്രഈല്‍ തുടരുന്ന ആക്രമണത്തില്‍ മുന്നറിയിപ്പുമായി ഫ്രാന്‍സ്. ഇസ്രഈല്‍ തുടരുന്ന ഈ ആക്രമണം വിനാശകരമാണെന്നും നല്ലതില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

നാസര്‍ ആശുപത്രിയില്‍ കയറി ഇസ്രഈല്‍ സേന നടത്തിയ ആക്രമണത്തില്‍ നിരവധി രോഗികള്‍ കൊല്ലപ്പെട്ടിരുന്നു. പലരും ഓക്‌സിജന്‍ കിട്ടാതെയാണ് മരണപ്പെട്ടത്. വൈദ്യുതി ബന്ധം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്.

റഫയില്‍ ഇസ്രഈല്‍ നടക്കുന്ന ‘വിനാശകരമായ’ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമൂഹം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
ആയിരക്കണക്കിന് രോഗികളാണ് നിലവില്‍ നാസര്‍ ആശുപത്രിയില്‍ ഉള്ളത്. റഫയിലേക്ക അഭയം തേടിയെത്തിയവരും ആശുപത്രിയിലിലുണ്ട്.

‘റഫയില്‍ ഇസ്രഈല്‍ തുടരുന്ന ഈ ആക്രമണം അഭൂതപൂര്‍വമായ മാനുഷിക ദുരന്തത്തിലേക്ക് മാത്രമേ നയിക്കൂ. വലിയ വഴിത്തിരിവായി ഇത് മാറിയേക്കുമെന്നതില്‍ സംശമില്ല. ഇത് വിനാശകരമാണ്.

നിലവിലെ ഈ പശ്ചാത്തലത്തില്‍ വന്‍ തോതിലുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കലാണ് നടക്കുന്നത്. ഈ ഘട്ടത്തില്‍ ജോര്‍ദാന്റേയും ഈജിപ്തിന്റേയും ആശങ്ക ഞങ്ങള്‍ മനസിലാക്കുന്നു,’ മാക്രോണ്‍ പറഞ്ഞു.

ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയ്ക്കൊപ്പം എലിസി കൊട്ടാരത്തില്‍ സംസാരിച്ച ശേഷമായിരുന്നു മാക്രോണിന്റെ പ്രതികരണം. വിനാശകരമായ അനന്തഫലങ്ങളാണ് വരാനിരിക്കുന്നതെന്ന് ജോര്‍ദാന്‍ രാജാവും മുന്നറിയിപ്പ് നല്‍കി.

ഗുരുതരമായി പരിക്കേറ്റവരും അല്ലാത്തവരുമായ നിരവധി രോഗികള്‍ ഇപ്പോഴും ആശുപത്രിക്കുള്ളിലുണ്ടെന്ന് ലോകാരോഗ്യ സംഘടന വക്താവ് താരിക് ജസരെവിക് പറഞ്ഞു.

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അടിയന്തരമായി ഇന്ധനം എത്തിക്കേണ്ടതുണ്ടെന്നും അവിടേക്ക് എത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡസന്‍ കണക്കിന് തീവ്രവാദികളെ തടവിലാക്കിയെന്നാണ് ഒരു തെളിവും നല്‍കാതെ ഇസ്രഈല്‍ അവകാശപ്പെടുന്നത്. ഗസയില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ ഏറ്റവും വലിയ ആശുപത്രി കൂടിയാണ് ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രി.

ഒക്ടോബര്‍ 7 മുതല്‍ ഇസ്രഈലില്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 28,775 ആയി ഉയര്‍ന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു, മരണപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.

തെക്കന്‍ ഗസ നഗരമായ റഫയില്‍ ആക്രമണം തുടരുമെന്ന് തന്നെയാണ് ഇസ്രഈല്‍ ആവര്‍ത്തിക്കുന്നത്. റഫയില്‍ അഭയം തേടിയ
1.5 ദശലക്ഷം ഫലസ്തീനികളെ കുടിയിറക്കുമെന്നാണ് നെതന്യാഹു പറഞ്ഞത്.

റഫയില്‍ ആക്രമണം തുടരാതെ നിവൃത്തിയില്ലെന്നും ഹമാസിനെ അത്തരത്തില്‍ വിട്ടുകളയാന്‍ കഴിയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇസ്രഈല്‍ വിദേശകാര്യമന്ത്രി കാറ്റ്‌സ് മാധ്യമങ്ങളോട് പറഞ്ഞത്. റഫ ആക്രമിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന സഖ്യകക്ഷികളുടെ ആവശ്യം പോലും ഇസ്രഈല്‍ മുഖവിലക്കെടുത്തിട്ടില്ല. സമ്പൂര്‍ണമായി വിജയിക്കുന്നത് വരെ ആക്രമണം തുടരുമെന്നാണ് സൈന്യം അറിയിച്ചത്.

Patients die at hospital as France warns Israel against ‘catastrophic’ Rafah attack